KERALA
പാർട്ടിക്ക് പുറത്തുപോകാൻ താത്പര്യമുണ്ടെങ്കിലേ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കെ വി തോമസ് പോകാവൂവെന്ന് കെ സുധാകരൻ .സിപിഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ തോമസ് കുടുങ്ങരുതെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു

തിരുവനന്തപുരം: പാർട്ടിക്ക് പുറത്തുപോകാൻ താത്പര്യമുണ്ടെങ്കിലേ സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കെ വി തോമസ് പോകാവൂവെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. വിലക്ക് ലംഘിച്ചാൽ എന്താണ് സംഭവിക്കുകയെന്നത് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാർട്ടി തീരുമാനത്തിനെതിരെ പ്രവർത്തിച്ചാൽ താനുൾപ്പടെ എല്ലാവർക്കും നിയമം ബാധകമായിരിക്കും. പാർട്ടിക്ക് പുറത്തുപോകാൻ മനസുണ്ടെങ്കിൽ മാത്രമേ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കെ വി തോമസ് പോകാവൂ. പുറത്തെങ്കിൽ പുറത്ത് എന്ന തീരുമാനമെടുത്താൽ പരിപാടിയിൽ പങ്കെടുക്കാമെന്നും സുധാകരൻ പറഞ്ഞു.
സിപിഐഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ കെ വി തോമസ് കുടുങ്ങരുതെന്ന് ചെറിയാന്‍ ഫിലിപ്പ്. പ്രണയം അഭിനയിച്ച് രക്തം ഊറ്റിക്കുടിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഐഎം. സിപിഐഎമ്മിന്റെ സ്നേഹം വ്യാജമാണെന്ന് ബോധ്യപ്പെട്ടത് സഹയാത്രികനായ ശേഷമാണ്. സിപിഐഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും കെ വി തോമസിന് പൊരുത്തപ്പെടാനാകില്ല എന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
രണ്ട് പതിറ്റാണ്ട് മുന്‍പാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടത് സഹയാത്രികനാകുന്നത്. അംഗത്വം ഇല്ലെങ്കിലും സിപിഐഎമ്മിന്റെ സജീവ സഹയാത്രികനായി തുടരുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. എന്നാല്‍ സിപിഐഎംഎം വേണ്ട പരിഗണന നല്‍കുന്നില്ല എന്ന പരാതിയെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിസാണ് ചെറിയാന്‍ ഫിലിപ്പ് ഇടതുബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിലേക്കെത്തിയത്.
അതേസമയം കെ വി തോമസ് സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമോ എന്നതില്‍ തീരുമാനം നാളെയുണ്ടാകും. നാളെ 11 മണിക്ക് മാധ്യമങ്ങളെ കണ്ട് തന്റെ തീരുമാനം അറിയിക്കുമെന്ന് കെ വി തോമസ് പറഞ്ഞു.