Crime
ജീവനൊടുക്കിയ മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ഡയറി പൊലീസ് കണ്ടെടുത്തു

വയനാട്: ജീവനൊടുക്കിയ മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ഡയറി പൊലീസ് കണ്ടെടുത്തു. മുറിയില്‍ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ഓഫിസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് സിന്ധുവിന് മാനസിക പീഡനമുണ്ടായതായും ഡയറിയില്‍ സൂചനയുണ്ട്. ഓഫിസില്‍ താന്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ടെന്നും ഡയറിയില്‍ സിന്ധു കുറിച്ചിട്ടുണ്ട്. സിന്ധുവിന്റെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പോലീസ് പരിശോധിച്ചു.
ഓഫിസിലെ സഹപ്രവര്‍ത്തകര്‍ സിന്ധുവിനെ അപമാനിച്ചിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. സിന്ധുവിനെ സഹപ്രവര്‍ത്തകര്‍ അപമാനിക്കുന്നതും സിന്ധു കരയുന്നതും നേരിട്ട് കണ്ട നാട്ടുകാര്‍ തന്നെ വിവിരമറിയിച്ചിരുന്നുവെന്ന് പ്രദീപ് പറഞ്ഞു.
അതിനിടെ മരണത്തിന് 3 ദിവസങ്ങള്‍ക്ക് മുന്‍പ് പരാതിയുമായി സിന്ധു വയനാട് ആര്‍ടിഒയെ നേരില്‍ കണ്ടിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ഓഫീസിൽ ഗ്രൂപ്പിസമുണ്ട്, ഓഫീസിൽ സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമാണ് ഇവര്‍ ആര്‍ടിഒയോട് ആവശ്യപ്പെട്ടത്. സിന്ധു ഉള്‍പ്പെടെ അഞ്ച് പേരാണ് പരാതിപ്പെട്ടിരുന്നത്. എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് ആര്‍ടിഒ നൽകുന്ന വിശദീകരണം.