Connect with us

NATIONAL

പരസ്പരം സംസാരിക്കാന്‍ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

Published

on

ന്യൂഡല്‍ഹി : വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പരസ്പരം സംസാരിക്കാന്‍ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്ററി ഒഫിഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37ാം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഭരണഭാഷ ഹിന്ദിയാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡി തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. രാജ്യത്ത് ഹിന്ദിയുടെ പ്രാധാന്യമുയര്‍ത്താന്‍ ഈ നീക്കത്തിലൂടെ സാധിക്കും. രാജ്യത്തിന്റെ ഐക്യത്തിന് ഔദ്യോഗിക ഭാഷ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം സംസാരിക്കുമ്പോള്‍ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായ ഹിന്ദി ഉപയോഗിക്കണം”. അമിഷാ പറഞ്ഞു.

ഇംഗ്ലീഷിന് പകരമായി ഹിന്ദിയെ കാണണമെന്നും പ്രദേശിക ഭാഷകളുടെ കൂട്ടത്തില്‍ ഹിന്ദിയെ ഉള്‍പ്പെടുത്തരുതെന്നും കൂട്ടിച്ചേര്‍ത്ത അമിത് ഷാ പ്രാദേശിക ഭാഷകളിലെ വാക്കുകള്‍ ഉപയോഗിച്ച് ഹിന്ദി കൂടുതല്‍ ലളിതമാക്കണമെന്നും നിര്‍ദേശിച്ചു.കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതി പരക്കെ ഉയരുന്നതിനിടെയാണ് അമിത് ഷായുടെ പുതിയ പരാമര്‍ശം. പ്രതിപക്ഷം ഇക്കാര്യത്തില്‍ നേരത്തേ തന്നെ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയുടെ നാനാത്വത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണിതെന്ന് സിപിഎം വിമര്‍ശിച്ചപ്പോള്‍ ഭരണഘടനയുടെ 29ാം അനുച്ഛേദം ഒന്നിലധികം ഭാഷകളെ ബഹുമാനിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസും ഓര്‍മിപ്പിച്ചു.

ലാംഗ്വേജ് കമ്മിറ്റിയുടെ അധ്യക്ഷനാണ് അമിത് ഷാ. ഒരു രാഷ്ട്രം ഒരു ഭാഷ എന്ന ആശയം ഇതിന് മുമ്പും അമിത് ഷാ മുന്നോട്ട് വച്ചിട്ടുണ്ട്. 2019ലെ ഹിന്ദി ദിവസില്‍ ഇതിനെക്കുറിച്ച് ഷാ പ്രതിപാദിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ സ്വത്വം പ്രതിനിധീകരിക്കാന്‍ ഒരു ഭാഷയ്‌ക്കേ കഴിയുകയുള്ളൂ എന്നും രാജ്യത്തെ ഒന്നാക്കി നിര്‍ത്തുന്ന ഏതെങ്കിലുമൊരു ഭാഷയുണ്ടെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിയാണെന്നുമാണ് ഷാ അന്ന് പറഞ്ഞത്

Continue Reading