Connect with us

KERALA

പി.ജയരാജനെ പുകഴ്ത്തുന്ന ചെന്താരകം പാട്ട് വീണ്ടും .പാര്‍ട്ടി അണികള്‍ക്കിടയില്‍ വാക്‌പോര് മുറുകുന്നു

Published

on


കണ്ണൂര്‍:ലൈംഗികപീഡനപരാതിയെത്തുടര്‍ന്ന് ഒരിക്കല്‍ പാര്‍ട്ടി പുറത്താക്കിയ പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആക്കിയതിനെ വിമര്‍ശിച്ചതിന് പിന്നാലെ പി ജയരാജനെച്ചൊല്ലി കണ്ണൂരിലെ പാര്‍ട്ടി അണികള്‍ക്കിടയില്‍ വാക്‌പോര് മുറുകുന്നു. സമൂഹ മാധ്യമങ്ങളിലെ ഇടത് ഗ്രൂപ്പുകളിലാണ് പി ജയരാജന്റെ നടപടിയെ ന്യായീകരിച്ചും വിമര്‍ശിച്ചും പോസ്റ്റുകള്‍ നിറയുന്നത്. പി ജയരാജനെതിരെ നടപടിക്ക് വരെ കാരണമായ ‘ചെന്താരകം’ വാഴ്ത്തുപാട്ട് റെഡ് ആര്‍മി ഫേസ്ബുക്ക് ഗ്രൂപ്പ് വീണ്ടും അപ്‌ലോഡ് ചെയ്തു.
മുഖ്യമന്ത്രി പിണറായി, പാര്‍ട്ടി സെക്രട്ടറി കോടിയേരി, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ഒരു ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ സിപിഎമ്മിന്റെയും മുന്നണിയുടെയും സര്‍ക്കാരിന്റെയും എല്ലാ പ്രധാന ചുമതലകളിലും ഇരിക്കുന്നു.
‘കണ്ണൂര്‍ ലോബി’യെന്ന ചര്‍ച്ച വീണ്ടും സജീവമാകുമ്പോഴാണ് കണ്ണൂരിലെ ഒരു നേതാവിനെ ചുറ്റിപ്പറ്റി അണികള്‍ക്കിടയില്‍ മറ്റൊരു വാക്‌പോര് മുറുകുന്നത്. സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പുറത്താക്കിയ പി ശശിയെ വീണ്ടും നേതൃപദവിയില്‍ കൊണ്ടുവന്നതിനെ വിമര്‍ശിച്ച പി ജയരാജനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് ഇടത് അനുഭാവി ഗ്രൂപ്പുകളില്‍ നിറയുന്നത്. സമൂഹമാധ്യമങ്ങളില്‍ സിപിഎമ്മിനായി പ്രചാരണം നടത്തുന്ന ഫാന്‍ ഗ്രൂപ്പായ റെഡ് ആര്‍മി പി ജയരാജനെ പുകഴ്ത്തുന്ന ചെന്താരകം പാട്ട് വീണ്ടും അപ്!ലോഡ് ചെയ്തുവെന്നതാണ് ശ്രദ്ധേയം.
തരം താഴ്തപ്പെട്ടവനെ ഉയര്‍ത്തി രാഷ്ട്രീയ ഉപദേഷ്ടാവ് ആക്കിയാല്‍ അയാള്‍ ഇനിയും പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കും എന്ന് പി ശശിക്ക് എതിരായി പോസ്റ്റുകള്‍. പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം സഹിച്ച പി ജയരാജനെ നേതൃത്വം തഴഞ്ഞാലും അണികളുടെ ഇടനെഞ്ചിലുണ്ട് പിജെയെന്ന വാഴ്ത്ത് പാട്ടും.
പി ജയരാജന്റെ വിരലറ്റുപോയ കൈപ്പത്തി പ്രൊഫൈല്‍ പിക്ചറാക്കിയാണ് മകന്‍ ജെയിന്‍ രാജ് ഉള്‍പ്പടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. അതേസമയം പി ജയരാജന് മുന്നേ ജില്ലാ സെക്രട്ടറി ആയ ആളാണ് ശശിയെന്നും അര്‍ഹമായ അംഗീകാരമാണ് ഇപ്പോള്‍ കിട്ടിയതെന്നും മറുപടിയുമായി നേതൃത്വത്തെ പിന്തുണയ്ക്കുന്ന പോസ്റ്റുകളും ഇടത് ഗ്രൂപ്പുകളില്‍ നിറയുന്നുണ്ട്.

Continue Reading