Connect with us

HEALTH

കോവിഡ് വാക്സിനേഷനുകളും ബൂസ്റ്റർ ഡോസും എടുത്ത യുവതി വീണ്ടും കോവിഡ് ബാധിതയായി

Published

on


മാഡ്രിഡ്: കോവിഡിന്റെ ഡെൽറ്റ വകഭേദം ബാധിച്ച് രോ​ഗമുക്തി നേടിയ യുവതിക്ക് ഇരുപതു ദിവസത്തിനുള്ളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. സ്പെയിനിൽ നിന്നുള്ള മുപ്പത്തിയൊന്നുകാരിക്കാണ് 20 ദിവസങ്ങൾക്കുള്ളിൽ രണ്ട് കോവിഡ് വകഭേ​ദങ്ങൾ ബാധിച്ചത്.

ആരോ​ഗ്യപ്രവർത്തകയായ യുവതിക്ക് കഴിഞ്ഞ ഡിസംബർ ഇരുപതിനാണ് ആദ്യമായി കോവിഡ് പോസിറ്റീവായത്. ജോലിസ്ഥലത്ത് ആർടിപിസിആർ ടെസ്റ്റ് എടുക്കുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. വാക്സിനേഷനുകളും ബൂസ്റ്റർ ഡോസും എടുത്ത് പന്ത്രണ്ട് ദിവസത്തിനിപ്പുറമാണ് യുവതി വീണ്ടും കോവിഡ് ബാധിതയായത്. ഇത് ഞെട്ടലുള്ളവാക്കുന്നു.

കോവിഡ് ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന യുവതി പത്തു ദിവസത്തോളം ഐസൊലേഷനിൽ ഇരുന്നതിനു ശേഷമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ഇരുപതു ദിവസത്തിനുള്ളിൽ അടുത്ത വകഭേദവും യുവതിയെ ബാധിക്കുകയായിരുന്നു. ഈ വർഷം ജനുവരി പത്തിനാണ് യുവതി വീണ്ടും കോവിഡ് പോസിറ്റീവായത്.

ചുമ, പനി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് വീണ്ടും കോവിഡ് പോസിറ്റീവ് ആയത്. ഡിസംബറിൽ യുവതിയെ ബാധിച്ചത് ഡെൽറ്റ വകഭേദവും ജനുവരിയിൽ ബാധിച്ചത് ഒമിക്രോണുമാണെന്ന് കണ്ടെത്തി.
മറ്റ് അണുബാധകൾക്കു ശേഷമോ വാക്സിനുകളിൽ നിന്നോ ലഭിക്കുന്ന പ്രതിരോധശേഷിയെ തകർക്കാനുള്ള ഒമിക്രോണിന്റെ ശേഷിയെയാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്ന് കാറ്റലാൻ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഡോ. ജെമ്മാ റെസിയോ പറഞ്ഞു.

ഒരിക്കൽ കോവിഡ് ബാധിച്ചതിനാലും വാക്സിനേഷൻ പൂർത്തിയാക്കിയതിനാലും വീണ്ടും അണുബാധ ഉണ്ടാകില്ലെന്ന് കരുതരുതെന്നും ജെമ്മ പറയുന്നു. എന്നാൽ രോ​ഗി കൂടുതൽ ​ഗുരുതരമാവുകയോ ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ട അവസ്ഥ ഉണ്ടാവുകയോ ചെയ്യാതിരുന്നത് വാക്സിനേഷന്റെ സംരക്ഷണമാണെന്നും അവർ പറഞ്ഞു.

Continue Reading