Crime
പരോളിൽ ഇറങ്ങിയ തടവ് പുള്ളികൾ രണ്ടാഴ്ചയ്ക്കുള്ളിൽ തിരികെ ജയിലുകളിലേക്ക് മടങ്ങിയെത്തണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് ഭീഷണി ഒഴിഞ്ഞതിനാൽ പരോളിൽ ഇറങ്ങിയ തടവ് പുള്ളികൾ രണ്ടാഴ്ചയ്ക്കുള്ളിൽ തിരികെ ജയിലുകളിലേക്ക് മടങ്ങിയെത്തണമെന്ന് സുപ്രീംകോടതി. കോവിഡ് കേസുകള്‍ വീണ്ടും കൂടുന്ന സാഹചര്യത്തിൽ പരോൾ കാലാവധി നീട്ടണമെന്ന തടവ് പുള്ളികളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. പ്രത്യേക സാഹചര്യത്തിൽ അനുവദിച്ച പരോൾ അനന്തമായി നീട്ടി നൽകാൻ കഴിയില്ലെന്ന് ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ടി.പി കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി.കെ രജീഷ്, കെ.സി രാമചന്ദ്രന്‍ ഉള്‍പ്പെടെ വിവിധ കേസുകളിൽ പത്ത് വർഷത്തിലധികം ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്കാണ് സുപ്രീംകോടതി വിധിയെ തുടർന്ന് വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടി വരുന്നത്. സുപ്രീംകോടതി നിർദേശത്തെ തുടർന്ന് തടവ് പുള്ളികൾ ഒരുമിച്ച് ജയിലിലേക്ക് മടങ്ങുന്നത് സ്ഥിതി സങ്കീർണമാക്കുമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇക്കാര്യം കൈകാര്യം ചെയ്യാൻ ജയിൽ അധികൃതർക്ക് അറിയാമെന്ന് കോടതി പറഞ്ഞു.