HEALTH
കാസർകോട് ഷിഗല്ല സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടികൾ ശക്തമാക്കി

കാസർകോട്: കാസർകോട് നാലുകുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടികൾ ശക്തമാക്കി. ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേൽക്കാൻ കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. ഇവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മറ്റുള്ളവർക്കും സമാനമായ ലക്ഷണങ്ങളുണ്ട്. 51 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലിലാണ് അധികൃതർ.
അതേസമയം കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ മാസം വീണ്ടും ഷിഗെല്ല വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട് നഗരത്തിലെ പുതിയാപ്പയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗവ്യാപനമുണ്ടായിട്ടില്ലെന്നും ഒരാളില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.