Gulf
ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു

ദോഹ : ഖത്തർ മിസഈദിൽ ഇന്നലെ രാത്രി വൈകിയുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു. തൃശൂർ അകത്തിയൂർ അമ്പലത്തുവീട്ടിൽ റസാഖ് (31), മലപ്പുറം ജില്ലയിലെ കീഴുപറമ്പ കുനിയിൽ സ്വദേശി ഷമീം മാരൻ കുളങ്ങര (35), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37) എന്നിവരാണ് മരിച്ചത്.
വാഹനത്തിന്റെ ഡ്രൈവർ ഇരിട്ടി സ്വദേശി ശരൺജിത് ശേഖരനും സജിത്തിന്‍റെ ഭാര്യയും പരിക്കുകളോടെ ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം നടക്കുമ്പോൾ സജിത്തിന്റെ രണ്ട് കുട്ടികളും വാഹനത്തിലുണ്ടായിരുന്നു. എന്നാൽ ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മുഐതറിൽ നിന്ന് ഉച്ചയോടെയാണ് ഇവർ സീലൈനിലേക്ക് തിരിക്കുന്നത്. സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂയിസർ വാഹനം വൈകിട്ടോടെ കല്ലിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
മൃതദേഹങ്ങൾ വക്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഷമീമിന്റെ മൃതദേഹം അബു ഹമൂർ ഖബർ സ്ഥാനിൽ ഖബറടക്കും. മറ്റു രണ്ടു പേരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.