Entertainment
ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ നിയമിക്കരുത് ജോലിസ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി.സിനിമാമേഖലയിലെ ലിംഗ അസമത്വവും ചൂഷണവും ഒഴിവാക്കുക ലക്ഷ്യമിട്ട് രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സാംസ്‌കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിര്‍ദേശങ്ങള്‍ പുറത്ത്. സിനിമ മേഖലയില്‍ കരാര്‍ നിര്‍ബന്ധമാക്കും, സെറ്റില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായ പരിഗണന നല്‍കണം. തുല്യ വേതനം നല്‍കണം, ജോലിസ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല തുടങ്ങിയ കാര്യങ്ങളാണ് കരട് നിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്.
ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ നിയമിക്കരുത്, സോഷ്യല്‍ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തും, സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കരുത്, സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത താമസ, യാത്ര സൗകര്യങ്ങള്‍ ഒരുക്കരുത്, സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം അരുത് എന്നിവയാണ് മറ്റ് കരട് നിര്‍ദേശങ്ങള്‍. സിനിമ മേഖലയില്‍ സമഗ്ര നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും സാംസ്‌കാരിക വകുപ്പ് നിര്‍ദേശിക്കുന്നു.
സ്ത്രീകളോട് പ്രത്യക്ഷമായോ പരോക്ഷമായോ മോശമായ രീതിയില്‍ പെരുമാറ്റം ഉണ്ടാകരുത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസ്ഥലം അനുവദിക്കണം. ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികളെ സെറ്റുകളില്‍ സഹകരിപ്പിക്കരുത് തുടങ്ങിയവവും നിര്‍ദേശങ്ങളിലുണ്ട്.
ജോലിയില്‍നിന്ന് വിലക്കുന്നത് തടയണം. അസി.പ്രൊഡ്യൂസര്‍മാര്‍ക്കു മിനിമം വേതനം ഉറപ്പാക്കണം. സിനിമകള്‍ക്കായി ലോണുകള്‍ അനുവദിക്കാന്‍ ഏക ജാലക സംവിധാനം നടപ്പിലാക്കണം. ജുഡീഷ്യല്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണം. മികച്ച വനിതാ പ്രൊഡ്യൂസര്‍ക്ക് അവാര്‍ഡ് നല്‍കണം. ശക്തമായ പരാതി പരിഹാര സംവിധാനം കൊണ്ടുവരണം. ഫിലിം പഠന കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കു സീറ്റ് സംവരണം നടപ്പിലാക്കണം. ടെക്‌നീഷ്യനായി കൂടുതല്‍ അവസരങ്ങള്‍ സ്ത്രീകള്‍ക്കുണ്ടാകണമെന്നും കമ്മിഷന്‍ നിര്‍ദേശിക്കുന്നു