Crime
കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും :മലയാളികളടക്കം 23 പേർ മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തിൽ മലയാളികളടക്കം ഇരുപത്തിമൂന്നുപേർ മരിച്ചതായി റിപ്പോർട്ടുകൾ. കണ്ണൂർ ഇരിണാവ് സ്വദേശി പൊങ്കാരൻ പി സച്ചിൻ (31) മരിച്ചതായി കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. പൊങ്കാരൻ മോഹനൻ്റെയും ഗിരിജയുടെയും മകനാണ് ‘ നേരത്തെ ഇരിണാവ് സർവ്വീസ് സഹകരണ ബാങ്കിലെ പിഗ്മിയായി ജോലി നോക്കിയ സച്ചിൻ സജീവ സിപി എം പ്രവർത്തകനാണ്.
മരിച്ചബാക്കിയുള്ളവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നാലു വർഷം മുമ്പാണ് സച്ചിൻ കുവൈറ്റിലെത്തിയത്. അവധി കഴിഞ്ഞ് രണ്ട് മാസം മുന്നേയാണ് തിരിച്ച് പോയത്. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും.
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. നിരവധി പേർ ചികിത്സയിലുണ്ട്. ഇതിൽ ചിലർ വെന്റിലേറ്ററിലാണെന്നാണ് വിവരം. 40ഓളം ഇന്ത്യക്കാർ ദുരന്തത്തിൽ പെട്ടതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതലും മലയാളികളാണെന്നാണ് സൂചന.
ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് +96565501587 എന്ന ഹെൽപ് ലൈൻ നമ്പറിൽ വാട്സ്ആപ്പ് വഴിയോ നേരിട്ടോ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. ചികിത്സയിലുള്ള 51 പേരെ അടിയന്തര ഡയാലിസിസിന് വിധേയമാക്കി. 21 പേർക്ക് പൂർണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെട്ടു. മിക്കവരും അപകടനില തരണം ചെയ്തിട്ടില്ല. ഫർവാനിയ, അദാൻ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ശനിയാഴ്ച മുതലാണ് വ്യാജമദ്യ കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജലീബ് അൽഷുയൂഖ് മേഖലയിലെ അനധികൃത മദ്യവില്പന കേന്ദ്രത്തിൽ നിന്നാണ് ഇവർ മദ്യം വാങ്ങിയതെന്ന് കരുതുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.രഹസ്യ വിതരണ കേന്ദ്രങ്ങളിൽ നിന്ന് ഏഷ്യക്കാരായ പ്രവാസികൾ അടക്കം പത്ത് പേരെ പിടികൂടി.
മദ്യത്തിന്റെ ഉത്പാദനവും വില്പനയും ഉപയോഗവും കുവൈറ്റിൽ കർശനമായി നിരോധിച്ചിട്ടുള്ളതാണ്. അനധികൃത മദ്യക്കടത്തുമായി ബന്ധപ്പെട്ട് മലയാളികൾ അടക്കം നിരവധി പേരെ കുവൈറ്റ് പൊലീസ് അടുത്തിടെ പിടികൂടിയിരുന്നു.
