Connect with us

KERALA

ഭക്ഷണത്തില്‍ ഒരു പങ്ക് പി ടിക്ക് മാറ്റിവെക്കുന്നത് തന്റെ സ്വകാര്യതയാണ്. ഇത് വെളിപ്പെടുത്തിയതിന് ഹീനമായ സൈബര്‍ ആക്രമണം നേരിട്ടുവെന്ന് ഉമാ തോമസ്

Published

on


കൊച്ചി.താന്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒരു പങ്ക് പി ടി തോമസിനായി മാറ്റിവെക്കും എന്നു പറഞ്ഞതിന് ഹീനമായ സൈബര്‍ ആക്രമണം നേരിട്ടുവെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. ഭക്ഷണത്തില്‍ ഒരു പങ്ക് പി ടിക്ക് മാറ്റിവെക്കുന്നത് തന്റെ സ്വകാര്യതയാണ്. അതില്‍ ആരും ഇടപെടുന്നതോ, പൊതുവിടങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതോ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ഉമാ തോമസ് പറഞ്ഞു.

ആരോടും ഭക്ഷണം തരാനോ, കൊടുക്കുന്നുണ്ടെന്നോ താന്‍ പറഞ്ഞിട്ടില്ല. പി ടിക്ക് മാറ്റിവെക്കുന്നതായി പറഞ്ഞ് ആരോടും വോട്ടു ചോദിച്ചിട്ടില്ല. അതെന്റെ സ്വന്തം കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പരാജയഭീതിയുള്ളവരാണ്. പരിഗണിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ അധഃപതിച്ച പ്രവര്‍ത്തനമാണിത്. ഇതിനെ പ്രോത്സാഹിപ്പിക്കുന്നവരോട് ലജ്ജ തോന്നുന്നു.

താന്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ സ്ത്രീയെന്ന നിലയില്‍ ആക്രമണവും അധിക്ഷേപവും ഉണ്ടായി. പണ്ടെല്ലാം സ്ത്രീകള്‍ ഭര്‍ത്താവ് മരിച്ചുകഴിഞ്ഞാല്‍ ചിതയിലേക്ക് ചാടും. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ചാടി എന്ന രീതിയിലാണ് ചിലരൊക്കെ പറഞ്ഞത്. ചിതയിലേക്ക് ചാടുന്ന തരത്തിലുള്ള സ്ത്രീകളാണ് ഇവിടെ വേണ്ടത് എന്നാണോ അവര് ചിന്തിക്കുന്നത്? അത്തരം സ്ത്രീകള്‍ മുന്‍പന്തിയിലേക്ക് വരാന്‍ പാടില്ലെന്ന വിചാരമാണോ ഇടതുപക്ഷത്തിന് ഉള്ളതെങ്കില്‍ അവര്‍ തിരുത്തപ്പെടേണ്ടവരാണെന്ന് ഉമാ തോമസ് പറഞ്ഞു. സ്ത്രീകള്‍ ഇങ്ങനെ അപമാനിക്കപ്പെടേണ്ടവരാണോ?. താനൊരു സ്ഥാനാര്‍ത്ഥിയായിട്ട് ഇതാണ് അവസ്ഥയെങ്കില്‍ മറ്റൊരാള്‍ക്ക് എന്തായിരിക്കും അവസ്ഥ. ഇത്തരം പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ഉമാ തോമസ് പറഞ്ഞു.

Continue Reading