Business
കോഴിക്കോട്ടും കൊച്ചിയിലും പെട്രോൾ പമ്പുകളിൽ കവർച്ച

കൊച്ചി: കോഴിക്കോട്ടും കൊച്ചിയിലും പെട്രോൾ പമ്പുകളിൽ കവർച്ച. പറവൂരിലെ പെട്രോൾ പമ്പിൽ നിന്ന് ഒരു ലക്ഷത്തിമുപ്പതിനായിരം രൂപ കവർന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രംഭ ഫ്യൂവൽസിലാണ് മോഷണം നടന്നത്.
മോഷണം പോയ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കഴിഞ്ഞ ദിവസത്തെ കളക്ഷനിൽ നിന്ന് കിട്ടിയതായിരുന്നു. വെള്ള ജാക്കറ്റ് ധരിച്ചാണ് മോഷ്ടാവെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. രാത്രി പതിനൊന്നരയോടെയാണ് പെട്രോൾ പമ്പ് അടച്ച് ഉടമസ്ഥർ പോയത്.ഒരാഴ്ച മുമ്പ് നഗരത്തിലെ മറ്റൊരു പെട്രോൾ പമ്പിലും കവർച്ച നടന്നിരുന്നു. ഹെൽമറ്റ് ധരിച്ചെത്തിയ ആൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ജീവനക്കാരനിൽ നിന്ന് പണം തട്ടുകയായിരുന്നു. പ്രതിയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
കോഴിക്കോട് കോട്ടുളിയിൽ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച. പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മർദിച്ച് അവശനാക്കിയ ശേഷം 50,000 രൂപ കവർന്നതായാണ് വിവരം. ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഇന്ന് പുലർച്ചെയോടെ ആയിരുന്നു സംഭവം. സെക്യൂരിറ്റി ജീവനക്കാരനെയാണ് മർദിച്ചത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മൽപ്പിടിത്തത്തിലൂടെ സെക്യൂരിറ്റി ജീവനക്കാരനെ കീഴ്പ്പെടുത്തിയ ശേഷം കൈകൾ ബന്ധിച്ച് കവർച്ച നടത്തുകയായിരുന്നു.