Crime
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നാടെങ്ങും പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധം. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രാജിവെക്കണമെന്നാണ് ആവശ്യം. യൂത്ത് കോണ്‍ഗ്രസും ബി ജെ പിയും മഹിളാ കോണ്‍ഗ്രസും പ്രതിഷേധ മാര്‍ച്ച് നടത്തി.
തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ബിരിയാണി കലങ്ങളുമായി മഹിളാ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം നടന്നു. ബിരിയാണി ചെമ്പ് ചാലഞ്ച് എന്നാണു സമരത്തിന്റെ പേര്. സമരത്തിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ ബിരിയാണി ചെമ്പും സ്വർണക്കട്ടികളുടെ മാതൃകയും കയ്യിലേന്തിക്കൊണ്ടാണ് എത്തിയത്. കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കൊച്ചി, തൃശൂര്‍ തുടങ്ങിയയിടങ്ങളിലും ജില്ല കലക്ടറേറ്റുകള്‍ക്ക് മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചുണ്ടായിരുന്നു. പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായി.
കോട്ടയം കളക്ടറേറ്റിലേക്കു നടത്തിയ മാർച്ച് സംഘർഷമായി മാറി. മാർച്ച് തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്ത് കലക്ടറേറ്റിനു മുന്നിലേക്കു യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു.പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചവരെ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി ഉപയോഗിച്ചിരുന്നു. തൃശൂരിൽ യുവമോർച്ച പ്രതിഷേധത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് യുവമോർച്ച പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് മാർച്ചിനിടെ രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു.