Connect with us

Crime

ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി, പിണറായി വിജയന് മറ്റൊരു നീതി എന്നത് ഇവിടെ നടക്കില്ലെന്ന് വി. ഡി സതീശൻ

Published

on

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദം ചൂടുപിടിക്കുമ്പോൾ സോളാർ കേസ് നടപടികൾ ഓർമിപ്പിച്ച് പ്രതിപക്ഷ നേതാവിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 

ക്രിമിനല്‍ കേസ് പ്രതിയായ ബിജു രാധാകൃഷ്ണന്‍ അഞ്ചരകോടി രൂപ കോഴ നല്‍കിയെന്ന മൊഴിയോടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും ഇല്ലാതായെന്ന് 2015 ഡിസംബര്‍ രണ്ടിന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സി.പി.എം സംസ്ഥാന സെക്രട്ടറിയാണ് ഇന്ന് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട വനിതയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. 

എന്നാലിപ്പോള്‍ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സ്വപ്‌ന സുരേഷാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതും കോടതിയില്‍ രഹസ്യമൊഴി നല്‍കിയതും. ഇതേക്കുറിച്ച് നീതിയുക്തമായ അന്വേഷണം നടക്കട്ടേയെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നില്‍ക്കുന്നതിന് പകരം അന്വേഷണം അട്ടിമറിച്ചും തെളിവുകള്‍ നശിപ്പിച്ചും പണം ഒഴുക്കിയും  പൊലീസിനെ ഉപയോഗിച്ച് നഗ്‌നമായ അധികാര ദുര്‍വിനിയോഗത്തിലൂടെയും രക്ഷപ്പെടാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നതെന്ന് വി.ഡി സതീശൻ ആരോപിക്കുന്നു.  

പിണറായി പണ്ട് പറഞ്ഞതു പോലെ, ‘ഈ തട്ടിപ്പില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ് എന്ന് തുടക്കം മുതല്‍ തെളിവുകള്‍ നിരത്തി പ്രതിപക്ഷം പറയുന്നതാണ്. അന്വേഷണം അട്ടിമറിച്ചും തെളിവുകള്‍ നശിപ്പിച്ചും പണം ഒഴുക്കി സാക്ഷികളെ സ്വാധീനിച്ചും നഗ്‌നമായ അധികാര ദുര്‍വിനിയോഗത്തിലൂടെയും രക്ഷപ്പെടാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ തനിനിറം കൂട്ടുപ്രതിയുടെ വെളിപ്പെടുത്തലിലൂടെ മറനീക്കി പുറത്തു വന്നിരിക്കുന്നു.’

ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി, പിണറായി വിജയന് മറ്റൊരു നീതി എന്നത് ഇവിടെ നടക്കില്ല. ഇനിയെങ്കിലും പിണറായിക്ക് രാജിവയ്ക്കാനുള്ള ബുദ്ധി തെളിയുമെന്നാണ് കരുതുന്നതെന്നും സതീശൻ പോസ്റ്റിലൂടെ പറയുന്നു.

Continue Reading