Connect with us

Crime

പറഞ്ഞതു തിരുത്തി കോടിയേരി; പിണറായിക്കു നേരേ നടന്നത് വധശ്രമം തന്നെ

Published

on


    
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ നടത്തിയത് വധശ്രമം തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് പാര്‍ട്ടി സെക്രട്ടറി ഇത് പറയുന്നത്. മുഖ്യമന്ത്രിയെ തൊടാന്‍ കഴിയാതിരുന്നത് ഇപി ജയരാജനും, സുരക്ഷ ജീവനക്കാരും തടഞ്ഞതിനാലാണ് എന്നാണ് കോടിയേരി ലേഖനത്തില്‍ പറയുന്നത്.
മുഖ്യമന്ത്രിയുടെ സഞ്ചാര സ്വതന്ത്ര്യം തടയുന്ന ഒന്നും അനുവദിക്കില്ല. പൊലീസും, ഏജന്‍സികളും മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കും. കണ്ണൂര്‍ തിരുവനന്തപുരം വിമാനത്തില്‍ ആക്രമികള്‍ പാഞ്ഞടുത്ത് മുഖ്യമന്ത്രി വിമാനത്തില്‍ ഉള്ളപ്പോള്‍ തന്നെയാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.
പ്രതിഷേധിക്കാനായി മൂന്നു പേര്‍ വിമാനത്തില്‍ കയറുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിഞ്ഞിരുന്നായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇവരെ തടയേണ്ട എന്ന് മുഖ്യമന്ത്രി തന്നെയാണ് നിര്‍ദ്ദേശിച്ചത്. മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതെന്നും കോടിയേരി പറഞ്ഞു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കോഴിക്കോട് പുറമേരിയില്‍ നടന്ന ചടങ്ങിലായിരുന്നു കോടിയേരിയുടെ ഈ പരാമര്‍ശം. ഈ നിലപാട് തിരുത്തുന്നതാണ് പുതിയ ദേശാഭിമാനി ലേഖനം.
വിമാനത്തിലെ പ്രതിഷേധത്തിന് പിന്നില്‍ വലിയ ഗൂഡാലോചന ഉണ്ടെന്നും പ്രതിഷേധിക്കാന്‍ മൂന്നു പേര്‍ കയറിയ കാര്യം മാധ്യമങ്ങള്‍ മറച്ചുവച്ചെന്നുമുളള ആരോപണം സിപിഎം കേന്ദ്രങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് ഈ വാദങ്ങളെയെല്ലാം തളളുന്ന കോടിയേരിയുടെ പ്രസ്തവന നേരത്തെ പുറത്ത് വരുന്നത്. പ്രതിഷേധിക്കാനായി മൂന്നു പേര്‍ വിമാനത്തില്‍ കയറുമെന്ന കാര്യം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നു. ഇവരെ തടയാമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും അത് വേണ്ടെന്ന് മുഖ്യമന്ത്രി തന്നെയാണ് നിര്‍ദ്ദേശിച്ചതെന്നും കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞത്.
അതേ സമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഇന്‍ഡിഗോ. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ആഭ്യന്തര സമിതി അന്വേഷിക്കും. എയര്‍ ലൈന്‍ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടായിരിക്കും. ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലുമായി പൊലീസ് മഹസ്സര്‍ തയ്യാറാക്കുകയാണ്. അനിലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഇന്‍ഡിഗോ വിമാനക്കമ്പനിയില്‍ നിന്ന് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരുടെ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. കേസിലെ ഗൂഢാലോചന ഉള്‍പ്പടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നല്‍കിയ നിര്‍ദ്ദേശം. കേസില്‍ ഒളിവില്‍ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. അറസ്റ്റിലായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും.
വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ കേന്ദ്രവും ഇടപെടുകയാണ്. വിഷയം പരിശോധിക്കുകയാണെന്നും നടപടിയുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീന!ര്‍ ഇ. പി ജയരാജന്‍ മര്‍ദ്ദിച്ചുവെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം.പി നടത്തിയ ട്വിറ്റര്‍ പോസ്റ്റിനാണ് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയുടെ മറുപടി.രണ്ടു പേരെ വിമാനത്തില്‍ മര്‍ദ്ദിച്ചിട്ട് ഇന്‍ഡിഗോയും ഡിജിസിഎയും കേന്ദ്ര വ്യോമയാന മന്ത്രാലയവും വിഷയത്തില്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് എം. പി ട്വിറ്ററില്‍ കുറിച്ചു. ഇ പി ജയരാജനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എം പി ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നുമാണ് കേന്ദ്ര മന്ത്രി മറുപടി നല്‍കിയത്.

Continue Reading