Connect with us

Crime

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുന്നു സമസ്തിപൂരിലും ലക്കിസരായിയിലും ട്രെയിനുകൾ കത്തിച്ചു

Published

on


ന്യൂഡൽഹി: അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ബിഹാറിൽ വീണ്ടും വ്യാപക അക്രമം. സമസ്തിപൂരിലും ലക്കിസരായിയിലും ട്രെയിനുകൾ കത്തിച്ചു. രണ്ട് സ്റ്റേഷനുകളിലും നിർത്തിയിട്ട ട്രെയിനുകളാണ് പ്രതിഷേധക്കാർ കത്തിച്ചത്. ലക്കിസരായിയിൽ ജമ്മുതാവി ഗുവാഹത്തി എക്സ്പ്രസിനാണ് അക്രമികൾ തീയിട്ടത്. ബിഹാറിലെ ആര റെയിൽവേ സ്റ്റേഷനിലും അക്രമികൾ അഴിഞ്ഞാടി. സ്റ്റേഷൻ അടിച്ച് തകർത്തു.  ബിഹാറിലെ സരണിൽ ബിജെപി എംഎൽഎയുടെ വീടിന് നേരെ ആക്രമണം ഉണ്ടായി.

ഉത്തർപ്രദേശിലെ ബല്ലിയ റെയിൽവേ സ്റ്റേഷനിലും ആക്രമണം ഉണ്ടായി. നിർത്തിയിട്ട ട്രെയിൻ അടിച്ചു തകർത്തു. സ്റ്റേഷൻ നൂറിലധികം പ്രതിഷേധക്കാർ അടിച്ചുതകർത്തു. സ്ഥിതി ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. ഹരിയാനയിലെ പൽവലിൽ മൊബൈൽ ഇന്റർനെറ്റ് അധികൃതർ വിച്ഛ‍േദിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം നടന്ന പശ്ചാത്തലത്തിലാണിത്.

അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം കനക്കുന്നതിന് ഇടയിൽ തിരുത്തലുമായി കേന്ദ്ര സർക്കാർ. ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23 ആക്കി ഉയർത്തുമെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.കൊവിഡ് സാഹചര്യത്തെ തുടർന്ന്  കഴിഞ്ഞ രണ്ടുവർഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റുകളൊന്നും നടന്നിട്ടില്ല.  ഇതേതുടർന്നാണ് ഇക്കൊല്ലത്തേക്ക് മാത്രം ഉയർന്ന പ്രായപരിധി 23 ആക്കി ഉയർത്തുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. യുവാക്കൾക്ക് തൊഴിലവസരം കുറയുമെന്ന പ്രചാരണം തെറ്റാണെന്നും കൂടുതൽ തൊഴിൽ അവസരങ്ങൾ പദ്ധതി സൃഷ്ടിക്കുമെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.

Continue Reading