NATIONAL
മഹാരാഷ്ട്രയില്‍ നിയമസഭ പിരിച്ചു വിടാൻ നീക്കം

മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭ പിരിച്ചു വിടുമെന്ന സൂചനകള്‍ നൽകി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ പോകുന്നത് നിയമസഭ പിരിച്ചു വിടലിലേക്കാണെന്നാണ് സഞ്ജയ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും സംസ്ഥാന മന്ത്രിയുമായ ആദിത്യ താക്കറെ തന്‍റെ ട്വിറ്റര്‍ അകൗണ്ടിലെ ബയോയില്‍ നിന്നും മന്ത്രി എന്ന വിശേഷണം നീക്കം ചെയ്യുകയും ചെയ്തതോടെ ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ ഫലം കണ്ടില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ഉദ്ധവ് താക്കറെ വിളിച്ചിരിക്കുന്ന യോഗത്തിൽ നിർണായക തീരുമാനം ഉണ്ടാകും.
ഏക്നാഥ് ഷിന്‍ഡെ ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ സാധിക്കില്ലെന്നു കണ്ടാല്‍ നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നേരിടാന്‍ തന്നെയാകും മഹാ വികാസ് അഖാഡി സഖ്യ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് ഇതില്‍ നിന്നെല്ലാം മനസിലാകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
എന്നാല്‍ സേന സഖ്യകക്ഷികളാണ് കോണ്‍ഗ്രസും എന്‍സിപിയും ഇതുവരെ വ്യക്തമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. മുഖ്യമന്ത്രി താക്കറെ ഇന്ന് ഉച്ചയ്ക്കു യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ ഒരുപക്ഷേ ഭാവി പരിപാടി എന്തായിരിക്കുമെന്ന തീരുമാനം ഉണ്ടാകുമെന്ന് പ്രതിക്ഷിക്കുന്നു.
കണക്കില്‍ ഇപ്പോള്‍ മഹാ വികാസ് അഖാഡി സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട അവസ്ഥയിലാണ്. 46 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് റിബല്‍ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ അവകാശപ്പെടുന്നത്. അതില്‍ 40 പേര്‍ ശിവസേനയുടെ എംഎല്‍എമാരും ആറു പേര്‍ സ്വതന്ത്രരുമാണെന്നാണ് ഗുവാഹത്തിയില്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ ഷിന്‍ഡെ അവകാശപ്പെട്ടത്.
ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞൊരു മറ്റൊരു പ്രധാന കാര്യം താന്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരില്ലെന്നതാണ്. ബാലാസാഹേബ് താക്കറെയുടെ പാരമ്പര്യവും അദ്ദേഹം പഠിപ്പിച്ച ഹിന്ദുത്വയുമായി മുന്നോട്ടു പോകുമെന്നാണ് ഷിന്‍ഡെ പറയുന്നത്. ചൊവ്വാഴ്ച്ച രാത്രി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ടെലിഫോണില്‍ ഷിന്‍ഡെയെ ബന്ധപ്പെട്ടിരുന്നു. പത്തു മിനിട്ട് മാത്രം നീണ്ട ആ സംഭാഷണം കൊണ്ട് യാതൊരു പ്രതിവിധികളുമുണ്ടായില്ലെന്നാണ് സേന വൃത്തങ്ങള്‍ പറയുന്നത്.