Crime
അനിത പുല്ലയില്‍ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ച സംഭവത്തില്‍ നടപടി

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയില്‍ ലോക കേരള സഭ നടക്കുമ്പോള്‍ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ച സംഭവത്തില്‍ നടപടി പ്രഖ്യാപിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. അനിത പുല്ലയിലിനെ സഭാ ടി.വിയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ സഹായിച്ച, ഏജന്‍സി ജീവനക്കാരെ പുറത്താക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. ചീഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സ്പീക്കര്‍ വിശദീകരിച്ചു.
സഭാ ടിവിക്ക് സാങ്കേതിക സേവനം നല്‍കുന്ന ഏജന്‍സിയിലെ ജീവനക്കാരിയോടൊപ്പമാണ് അവര്‍ ടി.വി ഓഫീസില്‍ കയറിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇതൊരു വീഴ്ചയാണ്. ഇവര്‍ സഭാമന്തിരത്തില്‍ പ്രവേശിച്ചതിന് ഉത്തരവാദികളായ ഫസീല, വിധുരാജ്, പ്രവീണ്‍, വിഷ്ണു എന്നിവര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്. ഈ നാല് ജീവനക്കാരെ നിയസഭയുടെ സഭാ ടിവി ചുമതലകളില്‍നിന്ന് ഒഴിവാക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള പാസ് വ്യക്തികള്‍ക്ക് പ്രത്യേകം കൊടുത്തതല്ല. ഇത്തരത്തില്‍ അഞ്ഞൂറ് പാസുകള്‍ വിതരണം ചെയ്തിരുന്നു. ഇവരുടെ കൈയ്യില്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള ഇത്തരമൊരു പാസ്സുണ്ടായിരുന്നു. ഇതുപയോഗിച്ച് സഭാടിവിയുടെ മുറിയില്‍ കയറിയിരുന്നത് എങ്ങനെ എന്നാണ് പരിശോധിച്ചത്. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. എന്നാല്‍ ലോകകേരള സഭ നടക്കുന്ന സ്ഥലത്തൊന്നും ഇവര്‍ എത്തിയിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.