Crime
ബാലുശ്ശേരിയിലെ ജിഷ്ണുരാജിന് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ 5 പേര്‍ പിടിയില്‍.

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനായ ജിഷ്ണുരാജിന് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ 5 പേര്‍ പൊലീസ് പിടിയില്‍. തിരുവോട് സ്വദേശികളായ മുഹമ്മദ്‌സാലി, മുഹമ്മദ് ഇജാസ് ഉള്‍പ്പെടെ 5 പേരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു. ഇന്നലെ പുലര്‍ച്ചെ 1 മണിയോടെയായിരുന്നു ആക്രമണം. എസ്.ഡി.പി.ഐ യുടെ ഫ്ലക്സ് ബോർഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം. ലീഗ് – എസ്ഡിപിഐ സംഘമാണ് ആക്രമിച്ചതെന്ന് സിപിഎം ആരോപിച്ചു.രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്‍റെ എഫ്ഐആറിൽ പറയുന്നത്.
ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്. മർദ്ദിച്ച ശേഷം പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചുവെന്നും പരാതിയിൽ പറയുന്നു. മുസ്ലീം ലീഗ്-എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സിപിഎം ആരോപിക്കുന്നു. ഒരു മണിയോടെ ജീഷ്ണുവിനെ തടഞ്ഞുവച്ച് മര്‍ദ്ദിച്ച സംഘം മൂന്ന് മണിയോടെയാണ് ബാലുശ്ശേറി പൊലീസിനെ ഏല്‍പ്പിച്ചത്.