NATIONAL
രാഹുലിന്റെ യു.പി യാത്ര പ്രിയങ്കയുടെ കാറിൽ കൂടെ 35 എം.പിമാരും തടയാനൊരുങ്ങി പോലീസും

ഡല്‍ഹി : ഉത്തര്‍പ്രദേശില്‍ ഹാഥ്‌രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്ന ദൃഢനിശ്ചയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് രാഹുല്‍ ഡല്‍ഹിയില്‍ നിന്നും യുപിയിലേക്ക് പുറപ്പെട്ടത്. സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയാണ് ടൊയോട്ട ഇന്നോവ കാര്‍ ഓടിക്കുന്നത്. കാറിന്റെ മുന്‍സീറ്റിലാണ് രാഹുലിന്റെ യാത്ര
പിന്നാലെ രണ്ടു കാറുകളിലായി 35 കോണ്‍ഗ്രസ് എംപിമാരും ഇവരെ അനുഗമിക്കുന്നുണ്ട്. രണ്ടു ദിവസം മുമ്പ് ഹാഥ്‌രസ് സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ശ്രമത്തെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് യുപി പൊലീസ് തടഞ്ഞിരുന്നു. രാഹുലിന്റെ വരവ് കണക്കിലെടുത്ത് ഹാത് രസില്‍ ജില്ലാകളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതുലംഘിച്ചതിന് രാഹുലിനെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഇത്തവണയും രാഹുലിനെയും പ്രിയങ്കയെയും തടയാനാണ് യുപി പൊലീസിന്റെ നീക്കം. രാഹുലിന്റെ ഹാഥ്‌രസ് യാത്ര തടയുക ലക്ഷ്യമിട്ട് ഡല്‍ഹി- നോയിഡ അതിര്‍ത്തി യുപി പൊലീസ് അടച്ചു. ദേശീയപാതയില്‍ ബാരിക്കേഡുകള്‍ വെച്ച് വഴി ബ്ലോക്ക് ചെയ്തു.