NATIONAL
രാഹുലിനും പ്രിയങ്കക്കുമൊപ്പം മൂന്ന് നേതാക്കൾക്കും ഹാഥ് റസിൽ പോകാൻ അനുമതി നൽകി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുമതി നല്‍കി. ഇവര്‍ക്കൊപ്പം മറ്റു മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും മാത്രമേ സന്ദര്‍ശന അനുമതിയുള്ളൂ. കെ.സി.വേണുഗോപാല്‍, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് എന്നിവരാണ് രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ഹഥ്‌റാസിലേക്ക് പോകുന്ന നേതാക്കള്‍.
രാഹുലിന്റെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘത്തെ യുപി അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരും ഇവിടെ നേതാക്കള്‍ പിന്തുണയുമായി എത്തിയത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് നോയിഡ എഡിസിപിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് അഞ്ചു പേര്‍ക്ക് അതിര്‍ത്തി കടക്കാന്‍ അനുമതി ലഭിച്ചത്.
ഡല്‍ഹിനോയിഡ ഡയറക്ട ഫ്‌ളൈവേയില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് വന്‍പോലീസ് സന്നാഹമാണ് തീര്‍ത്തിട്ടുള്ളത്. പ്രിയങ്ക ഗാന്ധി ഓടിച്ച കാറിലാണ് രാഹുല്‍ ഗാന്ധി നോയിഡ അതിര്‍ത്തിയിലെത്തിയത്.
ഇത് രണ്ടാം തവണയാണ് രാഹുലും സംഘവും പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാനുള്ള ശ്രമം നടത്തുന്നത്. രണ്ടു ദിവസം മുമ്പ് ഹഥ്‌റാസ് സന്ദര്‍ശിക്കാനുള്ള നേരത്തെ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ശ്രമത്തെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് യുപി പോലീസ് തടഞ്ഞിരുന്നു.
രാഷ്ട്രീയ നേതാക്കളെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്കും നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. കനത്ത പ്രതിഷേധം ഉയര്‍ന്നതോടെ പിന്നീട് വിലക്ക് നീക്കി.
രാഹുല്‍ എത്തുന്നതറിഞ്ഞ് നൂറുകണക്കിന് പോലീസിനെയാണ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്.