Crime
രാഹുലും പ്രിയങ്കയും ഹത്രസിലെത്തി പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിച്ചു

ന്യൂഡൽഹി∙ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്ന് ഹത്രസിലെത്തിയ പ്രിയങ്ക ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി സന്ദർശിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും തങ്ങൾ നേരിട്ട ക്രൂരത വിവരിച്ചു. ഇരയുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് യുപി സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഒരു ശക്തിക്കും ഹത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പീഡനമില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും
പെണ്‍കുട്ടിയുടെ കുടുംബത്തെ യുപി ഭരണകൂടം ഭീഷണിപ്പെടുത്തുന്നുവെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. നിയമപോരാട്ടത്തില്‍ കുടുംബത്തിന് കോണ്‍ഗ്രസ് പൂര്‍ണപിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുകുൾ വാസ്നിക് എന്നിവർക്കൊപ്പമാണ് രാഹുലും പ്രിയങ്കയും എത്തിയത്. ശനിയാഴ്ച വൈകിട്ടാണ് ഹത്രസിൽ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ യുപി പൊലീസ് ഇരുവർക്കും അനുമതി നൽകിയത്. സഹോദരി പ്രിയങ്ക ഗാന്ധിയോടൊപ്പം കാറിലെത്തിയ രാഹുലിനെ ഡിഎൻഡി എക്സ്പ്രസ‍് വേയിൽ പൊലീസ് തടഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവരെയും ഹത്രസിലേക്കു പോകാൻ അനുവദിച്ചു.
മുപ്പതോളം കോൺഗ്രസ് എംപിമാരും നിരവധി പ്രവർത്തകരും വിവിധ വാഹനങ്ങളിലായി രാഹുലിനെ അനുഗമിച്ചിരുന്നു. കഴിഞ്ഞദിവസം ഹത്രസിലേക്കു പുറപ്പെട്ട രാഹുൽ, പ്രിയങ്ക ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ യുപി പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.