NATIONAL
എംഡിഎംകെയിലെ എംഎൽഎമാർ രാജിവച്ചു ടിവികെയിൽ ചേരുന്നു
ചെന്നൈ : ഡിഎംകെ നേതൃത്വം നൽകുന്ന മതനിരപേക്ഷ പുരോഗമന സഖ്യത്തിൽ നിന്നു പുറത്തു പോകുമെന്നു സൂചന നൽകിയ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (എംഡിഎംകെ) 2 എംഎൽഎമാർ രാജിവച്ചു ടിവികെയിൽ ചേരാൻ സാധ്യത. നാലിടത്തു മത്സരിച്ച എംഡിഎംകെ മൂന്നിടത്തു ഡിഎംകെ ചിഹ്നത്തിലാണു മത്സരിച്ചത്. ഇതിൽ മൈലാടുതുറ ജില്ലയിലെ സീർകാഴി മണ്ഡലത്തിൽ നിന്നു വിജയിച്ച ആർ.സെന്തിൽ സെൽവൻ, തെങ്കാശി ജില്ലയിലെ കടയനല്ലൂർ മണ്ഡലത്തിൽ നിന്നു വിജയിച്ച ടി.എം.രാജേന്ദ്രൻ എന്നിവരാണു രാജിവയ്ക്കാൻ സാധ്യത. ഇവർ എംഡിഎംകെയിൽ നിന്നു മത്സരിച്ചെങ്കിലും ചിഹ്നം ഉപയോഗിച്ചതിനാൽ നിയമസഭയിൽ ഡിഎംകെയുടെ വിപ്പ് അനുസരിക്കേണ്ടി വരും. അതിനാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാതെ കൂറുമാറിയാൽ അയോഗ്യതയുണ്ടാകും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സി.ജോസഫ് വിജയ് രാജിവച്ച മണ്ഡലമായ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നന്ദി പര്യടനത്തിന് എത്തിയപ്പോൾ എംഡിഎംകെ സ്ഥാപക നേതാവായ വൈകോയുടെ മകൻ ദുരൈ വൈകോ എംപി വിജയിനെ സ്വീകരിക്കാൻ എത്തിയിരുന്നു. സ്ഥലം എംപി കൂടിയായ ദുരൈ വൈകോ എംഎൽഎമാർ രാജിവച്ചു പാർട്ടി മാറുന്നതിനെ അനുകൂലിച്ചിരുന്നു. ഇതോടെയാണ് എംഡിഎംകെയുടെ മുന്നണി മാറ്റത്തിൽ ചർച്ച തുടങ്ങിയത്. ഇതിനിടെ ഡിഎംകെ നിർബന്ധിച്ചു ചിഹ്നം നൽകിയെന്ന് ആവർത്തിച്ചു വൈകോ രംഗത്തെത്തി.
