Connect with us

Crime

അട്ടപ്പാടി മധു കൊല കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു

Published

on

കൊച്ചി : അട്ടപ്പാടി മധു കൊല  കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രന്‍ രാജിവെച്ചു. ഇതോടെ പകരം ചുമതല രാജേഷ് എം. മേനോന് കൈമാറി. വ്യക്തി പരമായ കാരണങ്ങളാല്‍ രാജിവെയ്ക്കുന്നുവെന്നാണ് രാജേന്ദ്രന്റെ കത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.  

കേസില്‍ രാജേന്ദ്രനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നും നീക്കി രാജേഷിനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നതാണ്. ഇതിനായി മധുവിന്റെ കുടുംബം ചീഫ് സെക്രട്ടറിക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും കത്ത് നല്‍കിയിരുന്നു.

കേസില്‍ കൂടുതല്‍ സാക്ഷികള്‍ ഇനിയും കൂറുമാറാന്‍ സാധ്യതയുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റ ശേഷം രാജേഷ് എം.മേനോന്‍ പ്രതികരിച്ചു. അത് തടയുക വലിയ വെല്ലുവിളിയാണ്. കേസ് നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

കേസിന്റെ വിചാരണയ്ക്കിടെ പത്താം സാക്ഷി ഉണ്ണികൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനും കൂറുമാറിയിരുന്നു. സാക്ഷികളുടെ കൂറുമാറ്റം തടയാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതില്‍ കുടുംബം അത്യപ്തി പ്രകടിപ്പിച്ചിട്ടുമുണ്ട്. കേസില്‍ രാജി വെയ്ക്കുന്ന മുന്നാമത്തെ പ്രോസിക്യൂട്ടറാണ് സി.രാജേന്ദ്രന്‍.പ്രതികള്‍ സാക്ഷികളെ ഒളിവില്‍ പാര്‍പ്പിച്ച് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുകയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.രാജേന്ദ്രന് പരിചയക്കുറവ് ഉണ്ടെന്നും ഈ സാഹചര്യത്തില്‍ അഡീഷണല്‍ പ്രോസിക്യൂട്ടറെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നുമായിരുന്നു മധുവിന്റെ അമ്മയും സഹോദരിയും ആവശ്യപ്പെട്ടിരുന്നത്.  

തുടര്‍ന്ന് മണ്ണാര്‍ക്കാട് എസ്‌സി എസ്ടി കോടതിയില്‍ നടക്കുന്ന കേസിലെ വിചാരണ നടപടികള്‍ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റാനുള്ള ആവശ്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുന്നത് വരെ വിചാരണ തടയണമെന്ന മധുവിന്റെ അമ്മയുടെ ആവശ്യം പരിഗണിച്ചായിരുന്നു നടപടി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

Continue Reading