Connect with us

NATIONAL

പുതിയ ഓപ്പറേഷനുമായി ശിവസേന. വിമതരുടെ ഭാര്യമാരെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി

Published

on

മുംബൈ:  ഇടഞ്ഞ് നിൽക്കുന്ന ശിവസേനയിലെ എം എൽ എമാരെ മെരുക്കാൻ പുതിയ ഓപ്പറേഷനുമായി ശിവസേന. വിമതരുടെ ഭാര്യമാരെ നേരിൽ കണ്ട് കാര്യങ്ങൾ മനസിലാക്കിച്ച് അവരുടെ ഭർത്താക്കന്മാരോട് സംസാരിക്കാൻ ആവശ്യപ്പെടാനാണ് തീരുമാനം. ഇതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ കളത്തിലിറങ്ങി.

ഗുവാഹത്തിയിലെ ആഢംബര ഹോട്ടലിൽ താമസിക്കുന്ന വിമതരെ തിരികെ സംസ്ഥാനത്ത് എത്തിച്ചാൽ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്താമെന്നാണ് പാർട്ടി നേതൃത്വം കണക്ക് കൂട്ടുന്നത്. മഹാരാഷ്ട്രയിലെ എം എൽ സി തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാണ് ബഹുഭൂരിപക്ഷം ശിവസേന എം എൽ എമാരുമായി ഏകനാഥ് ഷിൻഡെ സംസ്ഥാനം വിട്ടത്. ആദ്യം ഗുജറാത്തിലേക്കും, പിന്നീട് അസാമിലേക്കുമാണ് സംഘം പോയത്. ഓരോ ദിവസം പിന്നിടുമ്പോഴും സ്വതന്ത്രർ ഉൾപ്പെടെ കൂടുതൽ എംഎൽഎമാർ വിമത ക്യാമ്പിൽ ചേർന്നത് ഉദ്ധവിനും പാർട്ടി നേതൃത്വത്തിനും തലവേദനയായി.മഹാരാഷ്ട്ര നിയമസഭയുടെ ആകെ അംഗബലമായ 287 ൽ വിശ്വാസ വോട്ടെടുപ്പ് നടന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ 144 പേരുടെ പിന്തുണ ആവശ്യമാണ്. ശിവസേന, എൻസിപി, കോൺഗ്രസ് എന്നിവയുടെ ഭരണസഖ്യത്തിന് 169 സീറ്റുകളാണുണ്ടായിരുന്നത്. എന്നാൽ ഷിൻഡെയുടെ നേതൃത്വത്തിലുള്ള എംഎൽഎമാർ രാജിവച്ചാൽ സർക്കാരിന് താഴെ ഇറങ്ങേണ്ടി വരും. അതിനാലാണ് ഏതുവിധേനയും ഷിൻഡെയ്‌ക്കൊപ്പമുള്ള വിമത എംഎൽഎമാരുടെ മനസു മാറ്റി ഭരണം നിലനിർത്താൻ ശിവസേന പുത്തൻ അടവ് പുറത്തെടുത്തത്.

Continue Reading