KERALA
വിദ്യാർത്ഥി യുവജന സംഘടനകളിൽപ്പെട്ട നല്ലൊരു വിഭാഗവും കുടിയന്മാരാണെന്ന് മന്ത്രി എം.വി ഗോവിന്ദൻ

തിരുവനന്തപുരം: വിദ്യാർത്ഥി യുവജന സംഘടനകളിൽപ്പെട്ട നല്ലൊരു വിഭാഗവും കുടിയന്മാരാണെന്ന് മന്ത്രി എം.വി ഗോവിന്ദൻ. ചെറിയ തോതിലല്ല നല്ല കുടിയന്മാരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഹൈസ്‌ക്കൂൾ, ഹയർസെക്കന്ററി,കോളേജ്, പ്രൊഫഷണൽ കോളേജിലെ വിദ്യാർത്ഥികളെയടക്കം ആത്മവഞ്ചനയില്ലാതെ, ആത്മാർത്ഥമായി ലഹരിക്കെതിരെ ബോധവൽക്കരണം നടത്താൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു,കേരളം മയക്കുമരുന്ന് ഹബ്ബായി മാറുന്നുവെന്നും മന്ത്രി പറഞ്ഞു.
അന്താരാഷ്‌ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ തലസ്ഥാനത്ത് ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഇത്തരത്തിൽ അഭിപ്രായം രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് കടൽമാർഗമാണ് മയക്കുമരുന്ന് കൂടുതലെത്തുന്നത്. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കും മഹാരാഷ്‌ട്രയിലേക്കും കടൽ മാർഗം ലഹരിമരുന്ന് എത്തുന്നുണ്ട്. ഒരു ബോട്ടിൽ നിന്ന് മാത്രം സംസ്ഥാനത്ത് 1500 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതായും മന്ത്രി പറഞ്ഞു. യുവജനങ്ങളിൽ ഏറെയും മദ്യപരായ സാഹചര്യത്തിൽ പുതിയ തലമുറയിലെ കുട്ടികളെയെങ്കിലും ബോധവൽക്കരിക്കാൻ സാധിക്കണമെന്നാണ് മന്ത്രി എം.വി ഗോവിന്ദന്റെ അഭിപ്രായം.