Crime
എ കെ ജി സെന്ററിനെതിരെ ബോംബേറുണ്ടായ പശ്ചാത്തലത്തില്‍ ഇന്ദിരാ ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിനെതിരെ ബോംബേറുണ്ടായ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ആക്രമണമുണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 11.30 യോടെയാണ് എകെജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തി. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു.
എകെജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് കാണുന്നത്. ബോംബ് എറിഞ്ഞ ഇയാള്‍ അതിവേഗം ഓടിച്ചു പോവുകയായിരുന്നു. മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ പറഞ്ഞു. രണ്ട് ബൈക്കുകള്‍ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് ഓഫീസ് സെക്രട്ടറി പറയുന്നത്.
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തി. പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അടക്കം മുതിര്‍ന്ന സിപിഎം നേതാക്കള്‍ എകെജി സെന്ററില്‍ എത്തി. മന്ത്രിമാരും, സിപിഐ നേതാക്കളും, എല്‍ഡിഎഫ് നേതാക്കളും എത്തിയിരുന്നു. എംഎല്‍എമാരും, എംപിമാരും സ്ഥലത്തുണ്ട്. ഇതിന് പുറമേ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകരും സംഭവം അറിഞ്ഞ് എകെജി സെന്ററിന് മുന്നില്‍ തടിച്ചുകൂടി.
സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭ്യര്‍ത്ഥിച്ചു. തലസ്ഥാനത്ത് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പത്തനംതിട്ടയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കോഴിക്കോടും പ്രകടനം നടന്നു