NATIONAL
രാഹുൽ ഗാന്ധി എം.പി കണ്ണൂരിൽ എത്തി.അഞ്ച് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ അഞ്ഞൂറു പോലീസുകാർ സുരക്ഷക്കായി ഒരുക്കി
കണ്ണൂർ :മൂന്നു ദിവസത്തെ വയനാട് സന്ദർശനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി കണ്ണൂരിൽ എത്തി. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.
വയനാടിലെ എം.പി.ഓഫീസ്, എസ്.എഫ് ഐ പ്രവർത്തകർ തകർത്തതിന് പിന്നാലെയുള്ള ഈ സന്ദർശനത്തിന് വലിയ രാഷ്ടീയ പ്രാധാന്യമുണ്ട്. വിമാനമിറങ്ങിയ ശേഷം അദ്ദേഹം വിമാനത്താവളത്തിനടുത്തെ ഹോട്ടലിലേക്കാണ് പോയത്. പ്രഭാത ഭക്ഷണത്തിന് ശേഷം വയനാട്ടിലേക്ക് യാത്ര തിരിച്ചു. മട്ടന്നൂർ ടൗണിൽ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന് സ്വീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് വിമാനത്താവളത്തിലും പരിസരങ്ങളിലും ഏർപ്പെടുത്തിയത്. അഞ്ച് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ അഞ്ഞൂറു പോലീസുകാരെയാണ് സുരക്ഷക്കായി നിയമിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ പറഞ്ഞു.
തിരുവനന്തപുരത്തെ എ.കെ.ജി സെൻ്റർ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ സുരക്ഷ വർദ്ധിപ്പിച്ചത്. എ ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാൽ , കെ.പി.സി.സി പ്രസിഡണ്ടിന് പുറമെ ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, നേതാക്കളായ സതീശൻ പാച്ചേനി, സജീവ് ജോസഫ് എം.എൽ.എ തുടങ്ങിയവർ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
