Connect with us

NATIONAL

ഭരണഘടനാ ഭേദഗതിക്ക് ഭൂരിപക്ഷം ഉറപ്പിക്കാൻ കേന്ദ്ര നീക്കം :  പ്രതിരോധിക്കാൻ കോൺഗ്രസ്

Published

on

ന്യൂഡൽഹി: മണ്ഡലപുനർനിർണയം ലക്ഷ്യമിട്ടുള്ള ഭരണഘടനാഭേദഗതി പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വീണ്ടും കൊണ്ടുവരാനും അതിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനും ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ രഹസ്യനീക്കങ്ങൾ ശക്തമാക്കുന്നു.

വനിതാ സംവരണ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മണ്ഡല പുനർനിർണയത്തിനും ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനുമാണ് ഇത് വിഭാവനം ചെയ്യുന്നത്. കഴിഞ്ഞ ഏപ്രിലിൽ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ട ബിൽപുതുക്കി അവതരിപ്പിക്കാനാണ് നീക്കം. ഏപ്രിലിൽ ഭേദഗതിയെ ചെറുക്കാൻ മുന്നിൽനിന്ന പ്രതിപക്ഷ നിരയിലെ പ്രാദേശികപ്പാർട്ടികളെ ഉറപ്പിച്ചുനിർത്തി സർക്കാർ ശ്രമം പരാജയപ്പെടുത്താൻ കോൺഗ്രസും ശക്തമായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജൂലായ് 20-നാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നത്.

എൻ.സി.പി.( ശരത് പവാർ ), ഡി.എം.കെ. എന്നീ പാർട്ടികളെ ഏതെങ്കിലും രീതിയിൽ ബില്ലിന് അനുകൂലമാക്കാനാണ് ഭരണനേതൃത്വം പ്രധാനമായും നീക്കം നടത്തുന്നത്. എൻ.സി.പി. (ശരത് പവാർ)മുൻപ്‌ സ്വീകരിച്ചിരുന്ന നിലപാടിൽനിന്ന് വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് ഇപ്പോൾ ശ്രദ്ധേയമാണ്. ഭേദഗതിയെ പിന്തുണയ്ക്കുമെന്ന തരത്തിൽ എൻ.സി.പി. പവാർപക്ഷം ഇതുവരെ നിലപാട് എടുത്തിട്ടില്ല.

എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ 50 ശതമാനം സീറ്റ് വർധിപ്പിച്ചാൽ ഭേദഗതിയെ പിന്തുണയ്ക്കുന്നത് പരിഗണിക്കുമെന്ന തരത്തിൽ പാർട്ടി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ നടത്തിയ പരാമർശം എൻ.ഡി.എ. ക്യാമ്പ് തങ്ങൾക്ക് അനുകൂലമെന്ന തരത്തിൽ വ്യാഖ്യാനിക്കുന്നുണ്ട്. എന്നാൽ, പുതുക്കിയ ബിൽ തങ്ങളുടെമുന്നിൽ വന്നിട്ടില്ലെന്നും വരുമ്പോൾ ഇന്ത്യ സഖ്യത്തിലെ പാർട്ടികളുമായി ചർച്ചചെയ്യുമെന്നുംസുപ്രിയ സുലെ പിന്നീട് വിശദീകരിച്ചിരുന്നു. കോൺഗ്രസിൽനിന്ന് അകൽച്ച പാലിക്കുന്ന ഡി.എം.കെ.യുമായും ഭരണനേതൃത്വം ആശയവിനിമയം നടത്തുന്നുണ്ട്.

തൃണമൂലിലെയും ശിവസേന ഉദ്ധവ് പക്ഷത്തെയും ഭിന്നിപ്പിനുശേഷം എൻ.ഡി.എക്ക് ലോക്‌സഭയിൽ 319 അംഗങ്ങളുടെ പിന്തുണയാണ് പ്രതീക്ഷിക്കാൻ കഴിയുന്നത്. എൻ.സി.പി (ശരത് പവാർ) പിന്തുണകൂടി ലഭിച്ചാൽ അത് 327 ആകും. എങ്കിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 33 എം.പി.മാരുടെ പിന്തുണ കൂടി വേണം. മറ്റു ചില ചെറിയ പാർട്ടികളുടെ പിന്തുണ ആർജിക്കാൻ ബി.ജെ.പി രഹസ്യചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

ബില്ലിനെ നേരത്തേ സഭയിൽ എതിർക്കാൻ കോൺഗ്രസിനൊപ്പം ശക്തമായി നിലയുറപ്പിച്ചവരായിരുന്നു സമാജ് വാദി പാർട്ടി ( എസ്.പി.), ഡി.എം.കെ., ടി.എം.സി. എന്നീ പാർട്ടികൾ.

ഭൂരിഭാഗം അംഗങ്ങളും പാർട്ടി വിട്ടതോടെ ലോക്‌സഭയിൽ ടി.എം.സി.യുടെ ശക്തി ഗണ്യമായി കുറഞ്ഞു. തമിഴ്നാട്ടിലെ രാഷ്ടീയസാഹചര്യങ്ങൾ മൂലം കോൺഗ്രസുമായി ഡി.എം.കെ അകന്നുനിൽക്കുകയാണ്. ഉത്തർപ്രദേശിൽനിന്ന് ലോക്‌സഭയിലെ അംഗബലം ഗണ്യമായി വർധിക്കുമെന്ന കാര്യം ചൂണ്ടിക്കാട്ടി സ്വാധീനിക്കാൻ ചില ശ്രമങ്ങൾ ഭരണപക്ഷത്തുനിന്നുണ്ടായെങ്കിലും എസ്.പി. മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

പ്രതിപക്ഷനിരയിൽ നേരത്തേ ഭേദഗതിയെ ശക്തമായി എതിർത്ത ചില സഖ്യകക്ഷികൾ ചാഞ്ചാടാനുള്ള സാധ്യത കോൺഗ്രസും മുന്നിൽ കാണുന്നുണ്ട്. അതിനാൽ ഇന്ത്യസഖ്യ പാർട്ടികളെ ഒന്നിപ്പിച്ച് സർക്കാരിനെതിരേ ഉറപ്പിച്ചുനിർത്താൻ കോൺഗ്രസ് നേതൃത്വം ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

ന്യൂഡൽഹി ഏറെ വിവാദമുയർത്തിയ വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി ബില്ലും (എഫ്.സി.ആർ.എ) വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ബിൽ പാർലമെന്റിന്റെ കഴിഞ്ഞ ബജറ്റ് സമ്മേള നത്തിൽ ആദ്യം അവതരിപ്പിച്ചെങ്കിലും വിവാദമായതിനെ തുടർന്ന് പിന്നീട് മരവിപ്പിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്തായിരുന്നു ഇത്. ക്രിസ്ത്യൻ സഭകൾ ബില്ലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, ഈയിടെ എഫ്.സി ആർ.എ നിയമത്തിൽ മന്ത്രിസഭായോഗം ചട്ടഭേദഗതികൾ വരുത്തി. ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിനിടെ അനാദരവ് കാട്ടിയാൽ കുറ്റകൃത്യമായി കണ ക്കാക്കുന്ന ബില്ലും ജനന, മരണ രജിസ്ട്രേഷനുകൾ വൈകിപ്പിച്ചാലുള്ള ശിക്ഷാനടപടികൾ കർശനമാക്കുന്ന ബില്ലും ലോക്സ‌ഭചർച്ച ചെയ്ത് പാസാക്കും.

Continue Reading