KERALA
പിണറായിയുടെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർക്ക് സസ്പെൻഷൻ
ന്യൂഡൽഹി : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ. സംഭവത്തിൽ കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തിനു വീഴ്ചയുണ്ടായെന്ന് അഡിഷനൽ റസിഡന്റ് കമ്മിഷണർ അശ്വതി ശ്രീനിവാസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.50നുള്ള ഡൽഹി– കോഴിക്കോട് ഇൻഡിഗോ വിമാനത്തിൽ പ്രതിപക്ഷ നേതാവിനു യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. വിമാനത്താവളത്തിലെ ലോഞ്ചിൽ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിനു സമയത്ത് ഗേറ്റിലെത്താനായില്ല. ഇൻഡിഗോ കമ്പനി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കാരണമെന്നായിരുന്നു നേരത്തേ കേരള ഹൗസ് അധികൃതരുടെ വാദം. എന്നാൽ, പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മയാണ് യാത്ര മുടങ്ങാൻ കാരണമെന്ന് ഇന്നലെ അഡിഷനൽ റസിഡന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തിയിരുന്നു.
പ്രതിപക്ഷനേതാവിന്റെ യാത്രാവിവരങ്ങൾ ഇൻഡിഗോ കമ്പനിക്ക് ഇ–മെയിൽ വഴി അയച്ചെങ്കിലും ഇതു വിമാനത്താവളത്തിൽ ലഭിച്ചെന്ന് പ്രോട്ടോക്കോൾ വിഭാഗം ഉറപ്പാക്കിയില്ല. തുടർ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. വിഐപി പരിഗണന പ്രകാരം വിമാനത്താവളത്തിനുള്ളിൽ ലഭ്യമാക്കേണ്ട ബഗ്ഗി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലും വീഴ്ച വന്നിരുന്നു
