NATIONAL
എൻഡിഎയിൽ ചേരണമെന്ന് ഭൂരിപക്ഷം എംപിമാർ; ശരദ് പവാറിനെ പിടിക്കാൻ ബിജെപി
മുംബൈ : കോൺഗ്രസുമായി ലയിക്കാൻ എൻസിപി ശ്രമിക്കുന്നെന്ന സൂചനയ്ക്കിടെ, ബിജെപി നേതാക്കൾ ശരദ് പവാറിനെ ബന്ധപ്പെട്ടെന്ന വാർത്തകളും പുറത്തുവന്നു. 8 എംപിമാരിൽ 5 പേർ എൻഡിഎയിൽ ചേരണമെന്ന അഭിപ്രായം മുന്നോട്ടുവച്ചിട്ടുണ്ട്. പ്രതിപക്ഷത്തുള്ള കോൺഗ്രസിൽ ലയിക്കുന്നതിനോടു കൂടുതൽ പേർക്കും താൽപര്യമില്ല. പാർട്ടി പിളർത്തി എൻഡിഎ സഖ്യത്തിൽ ചേർന്ന അജിത് പവാർ വിമാനാപകടത്തിൽ മരിച്ചില്ലായിരുന്നെങ്കിൽ ഇരുപാർട്ടികളും ഒന്നാകുമായിരുന്നെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
മഹാരാഷ്ട്ര നേതാക്കളുമായുള്ള ചർച്ച പൂർത്തിയാക്കിയ ശേഷമായിരിക്കും പവാർ കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തുകയെന്നാണു സൂചന. മകൾ സുപ്രിയ സുളെക്കു നിർണായക പദവി, മറ്റു നേതാക്കൾക്ക് അർഹമായ പ്രാതിനിധ്യം എന്നീ ആവശ്യങ്ങൾ പവാർ ഉന്നയിച്ചതായാണു സൂചന. അതിനാൽ, ചർച്ചകൾ നീളാനാണു സാധ്യത.
ലയനത്തെക്കുറിച്ചു കോൺഗ്രസ് നേതാക്കളായ വിജയ് വഡേത്തിവാർ, സതേജ് പാട്ടീൽ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ സൂചനകളാണു വിഷയം ഇപ്പോൾ ചർച്ചയാകാൻ കാരണം. ഒരേസമയം കോൺഗ്രസുമായും ബിജെപിയുമായി ചർച്ച നടത്തുന്നതായുള്ള വാർത്തകൾ പുറത്തു വരുന്നതിലൂടെ വിലപേശൽ ശക്തി കൂട്ടുകയാണു പവാർ ലക്ഷ്യമിടുന്നതെന്നു രാഷ്ട്രീയ നിരീക്ഷകൻ പ്രതികരിച്ചു.
