Crime
ബംഗാളിൽ 11 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ പോലീസ് വെടിവെച്ച് കൊല്ലപ്പെടുത്തി
കൊൽക്കത്ത: ബംഗാളിലെ ബറൂയിപ്പുരിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പ്രഭാസ് മൊണ്ടാൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പോലീസ്. ബുധനാഴ്ച അർദ്ധരാത്രിയോടെ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പ്രതിക്ക് വെടിയേറ്റതെന്ന് പോലീസ് അറിയിച്ചു.
പുലർച്ചെ 12:45 ഓടെയാണ് പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പിന് പുറപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സൂര്യപുരിൽ വെച്ച് കുറ്റകൃത്യം നടന്ന രീതി പുനരാവിഷ്കരിക്കുന്നതിനായാണ് ഇയാളെ കൊണ്ടുപോയത്. എന്നാൽ തെളിവെടുപ്പ് നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രഭാസ് മൊണ്ടാൽ അപ്രതീക്ഷിതമായി പോലീസിന്റെ പക്കൽ നിന്ന് തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
തോക്ക് കൈക്കലാക്കിയ പ്രതി പോലീസിന് നേരെ ഒരു റൗണ്ട് വെടിയുതിർക്കുകയും അവിടെ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്നും പോലീസ് അറിയിച്ചു. ഇതേത്തുടർന്ന് സ്വയം പ്രതിരോധത്തിനായി തിരിച്ചു വെടിവെക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വാദം. പോലീസിന്റെ വെടിയേറ്റ പ്രഭാസ് മൊണ്ടാലിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പ്രതിയെ ഉടൻ തന്നെ ബറൂയിപ്പുർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതായും അധികൃതർ വ്യക്തമാക്കി. പീഡനത്തിൽ സംസ്ഥാന സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നുവരുന്നതിനിടെയാണ് പ്രതി കൊല്ലപ്പെടുന്നത്.
