Connect with us

Crime

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി

Published

on

തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എംഡി രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് സർക്കാർ അനുമതി നൽകിയത്. അനുമതിക്ക് തീരുമാനം സർക്കാർ നാളെ ഹൈക്കോടതിയെ അറിയിക്കും. ഇതോടെ നിലവിൽ ഖാദി ബോർഡ് സെക്രട്ടറിയായ രതീഷിന് സ്ഥാനം നഷ്ടമാകും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ആർ ചന്ദ്രശേഖരന് രാജി വെക്കേണ്ടിയും വരും.

സിബിഐ കുറ്റപത്രം നല്‍കിയ കേസില്‍ ആര്‍ ചന്ദ്രശേഖരന് പിണറായി സര്‍ക്കാര്‍ മൂന്നുതവണ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചിരുന്നു. പ്രോസിക്യൂഷന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ വിചാരണ നടപടികള്‍ വൈകാതെ ആരംഭിക്കും. മനോജ് കടകംപള്ളി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ യഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ന് ഹൈക്കോടതി ഈ കേസുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ ഹർജി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പെട്ടെന്നുള്ള നീക്കം.

2006-2014 കാലഘട്ടത്തിൽ കശുവണ്ടി വികസന കോർപ്പറേഷനിൽ വിപണി വിലയേക്കാൾ കൂടിയ വിലയ്‌ക്ക് വിദേശത്തുനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതു വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. ക്രൈംബ്രാഞ്ച് അന്വേഷിച്ച ഈ കേസ് പിന്നീട് 2015 സെപ്റ്റംബർ 23ലെ ഹൈക്കോടതി ഉത്തരവിലൂടെയാണ് സിബിഐക്ക് കൈമാറുന്നത്.

കേസിൽ ഒന്നാം പ്രതിയായി കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയായ ആർ. ചന്ദ്രശേഖരനെയും രണ്ടാം പ്രതിയായി മുൻ എം.ഡി രതീഷിനെയും ചേർത്ത് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷന് അനുമതി തേടിയുള്ള സിബിഐയുടെ അപേക്ഷ പിണറായി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതി പലതവണ കടുത്ത വിമർശനം ഉന്നയിച്ചിരുന്നെങ്കിലും മുൻ സർക്കാർ അനുമതി നൽകാൻ തയ്യാറായിരുന്നില്ല. നടപടിക്രമങ്ങളിലെ പ്രശ്‌നങ്ങള്‍ മാത്രമാണ് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നേരത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കാനാവില്ലെന്ന നിലപാട് സ്വീകരിച്ചത്. ജെ മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരിക്കെ പ്രോസിക്യൂഷന്‍ അനുമതിക്ക് നിര്‍ദേശം നല്‍കുകയും അതനുസരിച്ച് ഫയല്‍ നീങ്ങുകയും ചെയ്തെങ്കിലും പിന്നീട് ഉദ്യോഗസ്ഥ ഇടപെടലില്‍ വിചാരണാ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു.

Continue Reading