KERALA
വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പിന്റെ നീക്കം സർക്കാരിന്റെ അറിവോടെയാണോയെന്നും പറയണം : പിണറായി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുത്തിൽ എം.എസ്.സി. കമ്പനിയുമായി അദാനി ഗ്രൂപ്പ് ഉണ്ടാക്കിയ കരാർ നിയമലംഘനമാണെന്നും സംശയങ്ങൾ ഉയർത്തുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടക്കുകയാണെങ്കിൽ സർക്കാരിനെ മുൻകൂറായി അറിയിക്കണമെന്നാണ് ചട്ടം. ഇത് ലംഘിച്ച് കരാറിലേർപ്പെടാൻ അദാനി ഗ്രൂപ്പിന് എങ്ങനെ ധൈര്യമുണ്ടായെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
‘നാടിന്റെ പൊതുസമ്പത്ത് കുത്തകകൾക്ക് തീറെഴുതാനുള്ള നീക്കങ്ങൾ യുഡിഎഫ് സർക്കാർ തുടക്കംമുതലേ നടത്തുന്നുണ്ട്. അദാനി-വിഴിഞ്ഞം പോർട്ടിൽ വിദേശ കുത്തക കമ്പനിയായ എംഎസ്‌സി നിക്ഷേപം നടത്തുന്നത്, വലിയ വിദേശ നിക്ഷേപമാണെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അദാനി ഗ്രൂപ്പ് അവരുടെ ഓഹരി കൈമാറ്റത്തിലൂടെ ലാഭമുണ്ടാക്കാനുള്ള നീക്കമാണ് നടത്തിയത്. ഓഹരി കൈമാറ്റം നടക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അംഗീകാരം ആവശ്യമാണ്. മുൻകൂർ അനുമതി ലഭ്യമാക്കാതെ നടത്തിയ ഓഹരി കൈമാറ്റം കരാർ ലംഘനമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണം. അദാനി ഗ്രൂപ്പിന്റെ നീക്കം സർക്കാരിന്റെ അറിവോടെയാണോയെന്നും പറയണം’ പിണറായി പറഞ്ഞു.
അദാനി പോർട്ട് സെബിക്ക് കൊടുത്ത അപേക്ഷയിൽ ഓഹരി ഇടപാട് നടന്നു കഴിഞ്ഞുവെന്ന് പറയുന്നു. ജൂൺ 29ന് തന്നെ ഒപ്പിട്ടു. കേരള താത്പര്യത്തിന് വിരുദ്ധമായ കാര്യമാണത്. വിഴിഞ്ഞം തുറമുഖം പുതിയ ഉടമയ്ക്ക് വിൽക്കുന്നതിന്റെ ആദ്യപടിയായി ഇതിനെ കാണാവുന്നതാണ്. ഷിപ്പിങ് കമ്പനിയായ എംഎസ്‌സി വിഴിഞ്ഞം തുറമുഖം നിയന്ത്രിക്കുന്ന സാഹചര്യമുണ്ടായാൽ അത് കുത്തകയായി മാറും. അങ്ങനെ വരുമ്പോൾ മറ്റു കമ്പനികളുടെ കപ്പലുകൾ ഇങ്ങോട്ടേക്ക് വരുന്നതിന് തടസ്സമുണ്ടാകും. നമുക്ക് ലഭിക്കേണ്ട വരുമാനത്തിലും മാറ്റമുണ്ടാകും. അദാനി ഗ്രൂപ്പിന്റെ താത്പര്യത്തിന് വഴങ്ങി കൊടുക്കുന്ന നില ഉണ്ടാകാൻ പാടില്ല. സർക്കാരിന്റെ മുൻകൂർ അനുമതിയോടെ വേണ്ട കാര്യത്തിൽ അദാനി ഗ്രൂപ്പ് ഇത്രയും കാര്യങ്ങൾ ചെയ്യാൻ എങ്ങനെ ധൈര്യപ്പെട്ടു. ഒട്ടേറെ സംശയങ്ങളുണ്ട്. എവിടെയോ എന്തോ അസാധാരണ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ നടപടിയെയും പിണറായി വിമർശിച്ചു. ‘കേരളത്തിന്റെ താത്പര്യത്തിന് അനുകൂലമായി സർക്കാർ എടുക്കുന്ന എല്ലാ നിലപാടുകളെയും ഞങ്ങൾ പിന്തുണയ്ക്കും. സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായി എന്തെങ്കിലും വന്നാൽ എതിർക്കുകയും ചെയ്യും. എതിർക്കുക എന്നതിനല്ല മുൻതൂക്കം നൽകുക. ആദ്യഘട്ടത്തിൽ യുഡിഎഫ് സർക്കാരിന്റെ പ്രവർത്തനം വീക്ഷിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഞങ്ങൾക്കുണ്ടായ അനുഭവം കടുത്തതാണ്. നമ്മുടെ നാടിന്റെ താത്പര്യത്തിന് വിരുദ്ധമായ ഒട്ടേറെ കാര്യങ്ങളാണ് നയമെന്ന രീതിയിൽ പ്രഖ്യാപിക്കപ്പെട്ടത്. കോർപ്പറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് കുടപിടിക്കുന്ന ഒരു സർക്കാരിന്റെ യഥാർത്ഥ മുഖമാണ് ഇന്നലെ നിയമസഭയിൽ കണ്ടത്. എല്ലാ ചട്ടങ്ങളും പറത്തിക്കൊണ്ടാണ് ധനകാര്യ ബിൽ സഭയിൽ പാസാക്കിയത്’ പിണറായി പറഞ്ഞു.
കാര്യോപദേശക സമിതിയിൽ സർക്കാരിനെ വിശ്വാസത്തിലെടുത്തു. ബജറ്റ് അവതരണത്തിന് ശേഷം സഭാ സമ്മേളനത്തിന്റെ രണ്ടാംപാദത്തിലാണ് മദ്യ കമ്പനികൾക്കുള്ള നികുതിയിളവിന് സാധൂകരണം നൽകാൻ വളരെ തിടുക്കപ്പെട്ട് ധനകാര്യ ബിൽ അജണ്ടയിൽ തിരുകി കയറ്റുന്നത്. സഭയിൽ നിരന്തരം സർക്കാർ തെറ്റിദ്ധരിപ്പിക്കൽ നടത്തി. കഴിഞ്ഞ ദിവസം ഏറ്റവുംകൂടുതൽ അത് പ്രകടമായി. ഒരു തരത്തിലുള്ള ഒളിച്ചുകടത്തലാണ് നടന്നത്. ചില മദ്യ കമ്പനികളെ സഹായിക്കുക എന്നതാണ് ഇതിന് പിന്നിലുള്ള ഗൂഢ ലക്ഷ്യമെന്നും പിണറായി പറഞ്ഞു.
ഇത്തരമൊരു ബിൽ പാസാക്കാൻ അനാവശ്യമായ ധൃതിയും വാശിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി. മുഖ്യമന്ത്രി ഇക്കാര്യത്തിൽ വലിയ കടുംപിടുത്തം കാണിച്ചു. സമൂഹത്തിൽ മദ്യ വ്യാപനം ഉണ്ടാക്കുന്ന ഒരു നിലപാടിന്റെ ഭാഗമാണിത്. യുഡിഎഫിൽ ചർച്ച ചെയ്തതിന് ശേഷമേ ഇത് നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ അതെല്ലാം പ്രഹസനമാക്കുന്ന നിലയാണുണ്ടായത്. പരസ്യമായി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല.
ബെവ്‌കോയോ സർക്കാരോ വീര്യം കുറഞ്ഞ മദ്യംവിൽക്കാൻ തീരുമാനിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഉരുണ്ട് കളിക്കുകയാണ്. പിന്നെ എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് നികുതിയിളവ് നൽകിയതെന്നും പിണറായി ചോദിച്ചു. ബെക്കാർഡിക്ക് നിയമവിരുദ്ധമായി നികുതിയിളവ് നൽകാൻ മുഖ്യമന്ത്രി തന്നെ മുൻകൈ എടുക്കുന്നു എന്നതാണ് വ്യക്തമാക്കുന്നത്. നികുതിയിളവ് നൽകുന്നതിലൂടെ നഷ്ടമല്ലാതെ എന്താണ് ലാഭം. സമൂഹത്തിനും സർക്കാരിനും നഷ്ടമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
