Crime
സജി ചെറിയാൻ്റെ വിവാദ ഭരണഘടനാ പ്രസംഗം വീണ്ടും അന്വേഷിക്കാൻ നീക്കം
ആലപ്പുഴ : വിവാദമായ ഭരണഘടനാ പ്രസംഗത്തെക്കുറിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാന്റെ വിശദീകരണം രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ്. മന്ത്രിയായിരിക്കെ സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസിൽ തുടരന്വേഷണത്തിനു ഹൈക്കോടതി നിർദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണസംഘം രൂപീകരിച്ചെങ്കിലും അന്വേഷണം കാര്യമായി നടന്നില്ല. സർക്കാർ ഇടപെടലിൽ ഈ തുടരന്വേഷണം സജീവമാക്കാനാണു കോൺഗ്രസ് നീക്കം.
‘ഒറ്റുകാരൻ കൂട്ടത്തിലുണ്ട് എന്നറിയാതെയാണു വിവാദമായ പ്രസംഗം നടത്തിയത്’ എന്നായിരുന്നു കഴിഞ്ഞ ദിവസം ചെങ്ങന്നൂർ വെൺമണിയിൽ നടന്ന സ്വകാര്യച്ചടങ്ങിൽ സജി ചെറിയാൻ പ്രസംഗിച്ചത്. മന്ത്രിയായിരിക്കെ സജി ചെറിയാൻ നടത്തിയ ഭരണഘടനാവിരുദ്ധ പ്രസംഗം ബോധപൂർവമായിരുന്നു എന്നു തെളിയിക്കുന്നതാണ് ഈ വിശദീകരണമെന്നു കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ‘‘ഞാൻ നിയമം പഠിച്ച ആളാണ്. എന്താണു പറയേണ്ടത് എന്നറിയാം. പക്ഷേ, ഒറ്റുകാരൻ അവിടെ ഉണ്ടായിരുന്നു എന്നറിഞ്ഞില്ല. അന്നു പ്രസംഗം നടത്തിയതു നന്നായി. ഞാൻ അതു പറഞ്ഞതിനു ശേഷം എല്ലാവരും ഈ പുസ്തകം വാങ്ങി. പലരും അതു ഉയർത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്തു’’എന്നിങ്ങനെയായിരുന്നു സജി ചെറിയാന്റെ കഴിഞ്ഞ ദിവസത്തെ പ്രസംഗം.
2022 ജൂലൈയിൽ മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച യോഗത്തിലായിരുന്നു അന്നു മന്ത്രിയായിരുന്ന സജി ചെറിയാന്റെ വിവാദ ഭരണഘടനാ അധിക്ഷേപ പ്രസംഗം. വിവാദമായതോടെ സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവച്ചു. എന്നാൽ ഭരണഘടനയെ ആക്ഷേപിച്ചു മനഃപൂർവം പ്രസംഗിച്ചിട്ടില്ലെന്നു കാട്ടി പൊലീസ് തിരുവല്ല മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്ന് ആറു മാസത്തിനു ശേഷം മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്തി. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തിരുവല്ല മജിസ്ട്രേട്ട് കോടതി തള്ളുകയും ചെയ്തു.
എന്നാൽ 2024 നവംബറിൽ കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് കൊല്ലം ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഈ തുടരന്വേഷണം നടത്താനുള്ള സാധ്യതയാണ് കോൺഗ്രസ് ആലോചിക്കുന്നത്.
