Connect with us

Crime

മാസപ്പടി കേസിൽ അന്വേഷണം പിണറായി സർക്കാറിലേക്കും : കരാറിൽ അസ്വാഭാവികതയെന്ന് ഇഡി

Published

on

കൊച്ചി: മാസപ്പടി കേസിൽ ഒന്നാം പിണറായി സർക്കാരിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി)​ അന്വേഷണം നീളും. വീണ ക്ക് സിഎംആർഎൽ കരാർ എങ്ങനെ തരപ്പെട്ടു എന്നതിൽ അന്വേഷണമുണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ആദ്യ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിഎം‌ആർ‌എല്ലിന് സർക്കാരിൽ നിന്ന് ലഭി‌ച്ച‌ വഴിവിട്ട സഹായങ്ങളാണ്‌ വീണയ്‌ക്ക് നൽകിയ മാസപ്പടിക്ക് പിന്നിലെന്ന നിഗമനമാണ് ഇഡിയ്‌ക്കുള്ളതെന്നാണ് വിവരം. ഇതിലൂന്നിയുള്ള അന്വേഷണമാകും നടക്കുക.

സിഎംആർഎൽ-എക്‌സാലോജിക് കരാറിൽ അഴിമതി കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കും. വീണയുടെ മൊഴിയിൽ ഇപ്പോഴും പൊരുത്തക്കേടുണ്ടെന്നാണ് ഇഡി വിലയിരുത്തൽ. കരാറിൽ അസ്വാഭാവികത ഇല്ലെന്ന് വീണ വ്യക്തമാക്കി. എന്നാൽ ഈ മൊഴി ഇഡി വിശ്വാസത്തിലെടുത്തില്ല. അതിനാൽതന്നെ മൂന്നാംഘട്ട ചോദ്യംചെയ്യലിന് അടുത്തയാഴ്‌ച വീണ്ടും വിളിപ്പിക്കും. അടുത്ത തിങ്കളാഴ്ചയ്ക്കു ശേഷം വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു

ഇ‌ന്നലെ രാവിലെ 9.30ന് കടവന്ത്രയിലെ ഇ.ഡി ഓഫീസിലെത്തിയ വീണ രാത്രി 8.30നാണ് മടങ്ങിയത്. ഇതിനിടെ 10 മണിക്കൂർ ചോദ്യം ചെയ്തു. ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയതും മടങ്ങിയതും.

കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് 2.78 കോടി രൂപ വീണയുടെ എക്സാലോജിക് സൊല്യൂഷൻസ് കൈപ്പറ്റിയതിന് നൽകിയ സേവനം വ്യക്തമല്ലെന്ന എസ്.എഫ്.ഐ.ഒയുടെ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്തത്. എസ്.എഫ്.ഐ.ഒയ്ക്ക് ചെന്നൈയിൽ വച്ച് വീണാ വിജയൻ നൽകിയ മൊഴികളിൽ വിശദീകരണവും ആവശ്യപ്പെട്ടു.

Continue Reading