KERALA
വീട്ടിലെ ലിഫ്റ്റിൽ കുടുങ്ങിവയോധികൻ മരിച്ചു.
പത്തനംതിട്ട : വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. കടമ്മനിട്ട കല്ലേലി മുക്കിൽ അടയ്ക്ക മാവുങ്കൽ മാത്തുകുട്ടിയാണ് (75) മരിച്ചത്. വീടിന്റെ ഗേറ്റിനോട് ചേർന്ന് കാർ പാർക്കിങ് ഷെഡിന് അടുത്താണ് ലിഫ്റ്റ്. കാർ പാർക്ക് ചെയ്തശേഷമാണ് മാത്തുകുട്ടി ലിഫ്റ്റിലേക്ക് കയറിയത്. വലിയ ശബ്ദം കേട്ട് മാത്തുക്കുട്ടിയുടെ ഭാര്യ പുറത്തേക്കു വന്നപ്പോൾ തല ലിഫ്റ്റിൽ കുടുങ്ങിയ നിലയിലായിരുന്നു.
വെട്ടുകത്തി ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫയർഫോഴ്സ് എത്തിയപ്പോൾ ലിഫ്റ്റിനുള്ളിലെ ഇരുമ്പ് പൈപ്പില്‍ തല കുടുങ്ങിയ നിലയിലായിരുന്നു. അപകടത്തിന്റെ കാരണം എന്താണെന്ന് പരിശോധിക്കുന്നു. വീട് ഉയരത്തിലാണ്. മാതാപിതാക്കൾക്ക് പടികൾ കയറാൻ ബുദ്ധിമുട്ടുള്ളതിനാലാണ് രണ്ട് വർഷം മുൻപ് മക്കൾ ലിഫ്റ്റ് നിർമിച്ചത്. ആറൻമുള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കെഎസ്ആർടിസിയിൽനിന്ന് വിരമിച്ചയാളാണ് മരിച്ച മാത്തുക്കുട്ടി. മക്കൾ വിദേശത്താണ്.
