KERALA
കള്ളാടി ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു.
തിരുവനന്തപുരം: വയനാട് ആനക്കാംപൊയിൽ കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി നൽകിയപ്പോഴുള്ള നിബന്ധനകൾ കമ്പനി പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സാങ്കേതിക നിയമ പരിശോധന നടത്തും. പാരിസ്ഥിതിക അനുമതി ലഭിച്ച വേളയിൽ കേന്ദ്രം നൽകിയ നിർദ്ദേശങ്ങളും നിബന്ധനകളും പാലിച്ചാണോ കരാർ കമ്പനി പണി നടത്തിയതെന്നതിൽ പരിശോധന നടത്തും. ഈ രണ്ട് അന്വേഷണങ്ങൾക്കും ശേഷം മാത്രമേ തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അതേ സമയം, വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ മൂന്നു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, ബീഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ആയ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരാണ് മരിച്ചത്. ഒൻപത് പേർ പരിക്കേറ്റ് ചികിത്സയിൽ ആണ്. അഞ്ചു പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഇവർക്കായി ഇന്ന് രാവിലെ തെരച്ചിൽ തുടങ്ങി. മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എയർ ലിഫ്റ്റ് വഴി മൃതദേഹങ്ങൾ അവരവരുടെ നാട്ടിലെത്തിക്കും.
