Connect with us

Crime

അയോധ്യ രാമക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്വർണാഭരണങ്ങൾ ഉരുക്കി ബിസ്കറ്റുകളാക്കി കടത്തി

Published

on

അയോധ്യ: അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്വർണാഭരണങ്ങൾ ഉരുക്കി ബിസ്കറ്റുകളാക്കി കടത്തിയെന്ന നിഗമനത്തിലാണ് ഇപ്പോൾ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി).

ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണഭരണങ്ങൾ കണ്ടെത്താൻ ഇതുവരെ എസ്ഐടി സാധിച്ചിട്ടില്ല. സ്വർണം കണ്ടെത്താൻ വിപുലമായ അന്വേഷണം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് സ്വർണം ഉരുക്കി ബിസ്കറ്റാക്കി മാറ്റിയിട്ടുണ്ടാവുമെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിചേർന്നിരിക്കുന്നത്. സ്വർണത്തിനു പുറമെ വെള്ളികട്ടികളും ഇത്തരത്തിൽ രൂപമാറ്റം വരുത്തിയിട്ടുണ്ടെന്നും എസ്ഐടി സംശയിക്കുന്നുണ്ട്.

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള ദേശീയതലത്തിൽ ചർച്ചയായതോടെ അതീവ ജാഗ്രതയോടെയാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ പങ്കുള്ള എല്ലാവരെയും പിടികൂടാൻ പഴുതടച്ചുള്ള അന്വേഷണമാണ് നടത്തുന്നത്. ഇതുവരെ അറസ്റ്റിലായ എട്ടു പേരെ പലതവണ വിശദമായി ചോദ്യംചെയ്യലിനു വിധേയമാക്കിയിരുന്നു. കേസിൽ സാധ്യതമായ എല്ലാ തെളിവുകളും ശേഖരിക്കാനും തൊണ്ടിമുതൽ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് എസ്ഐടി.

രാമക്ഷേത്രത്തിനു സംഭാവനയായി ലഭിക്കുന്ന പണത്തിന്‍റെ കണക്ക് രേഖപ്പെടുത്തിയിരുന്നെങ്കിലും സ്വർണം, വെള്ളി എന്നിവയുടെ രേഖ സൂക്ഷിച്ചിരുന്നില്ല. സ്വർണഭരണങ്ങളും വെള്ളികട്ടികളും കടത്താൻ ഇതു പ്രതികളെ സഹായിച്ചെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ. വൻ ക്രമക്കേട് പുറത്തുവന്ന സാഹചര്യത്തിൽ രാമക്ഷേത്ര ട്രസ്റ്റിന്‍റെ കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ വീണ്ടും ഓഡിറ്റ് ചെയ്യാൻ എസ്ഐടി തീരുമാനിച്ചിട്ടുണ്ട്.

Continue Reading