KERALA
വിഴിഞ്ഞം ഓഹരി കൈമാറ്റം നടത്താൻ അദാനിക്ക് ഇത്ര ധൈര്യം എവിടെനിന്ന് ലഭിച്ചുവെന്ന് പ്രതിപക്ഷ നേതാവ്
കണ്ണൂർ: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഴിഞ്ഞം ഓഹരി കൈമാറ്റം നടത്താൻ അദാനിക്ക് ഇത്ര ധൈര്യം എവിടെനിന്ന് ലഭിച്ചു എന്ന് ചോദിച്ച അദ്ദേഹം സെബിക്കും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികാരികൾക്കും കത്തയച്ചിട്ടുണ്ടെന്നും പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകളോ ജാഗ്രതയോ ഇല്ലാത്തതുകൊണ്ടാണ് താൻ കത്തയച്ചതെന്നും പിണറായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ നഗ്നമായ ലംഘനമാണ്. സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്താൻ അദാനിക്ക് ഇത്ര ധൈര്യം എവിടെ നിന്ന് ലഭിച്ചു. ഇതിലെല്ലാം ദുരൂഹതയുണ്ട്. ആലോചിച്ച് ഉറപ്പിച്ച കച്ചവടം പോലെയാണ് ഇതിനെ കാണുന്നത്. കേരളത്തിൽ അദാനി ഗ്രൂപ്പിന് വഴിവിട്ട പരിഗണന നൽകിയെന്നാണ് കോൺഗ്രസ് നേതൃത്വം പറയാതെ പറയുന്നത്. വിഴിഞ്ഞം തുറമുഖത്തെ കോർപ്പറേറ്റുകൾക്ക് അടിയറ വയ്‌ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഈ നീക്കത്തെ പ്രതിപക്ഷം രാഷ്‌ട്രീയമായും നിയമപരമായും നേരിടും. അദാനിയുടെ വക്താവാകുന്നതിന് പകരം സർക്കാർ സംസ്ഥാന താൽപ്പര്യം സംരക്ഷിക്കണം.
ഓഹരി കൈമാറ്റം സുതാര്യമായിരിക്കണമെന്നും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികാരികളെ അറിയിക്കണമെന്നുമാണ് സെബിയുടെ നിർദേശം. എന്നാൽ, ഓഹരി കൈമാറ്റം സെബിയെപ്പോലും അറിയിച്ചിട്ടില്ല. സെബിക്കും സ്റ്റോക് എക്‌സ്‌ചേഞ്ച് അധികാരികൾക്കും കത്തയച്ചു. സർക്കാർ ഇക്കാര്യങ്ങൾ ഗൗരവമായി പരിഗണിക്കാത്തതുകൊണ്ടാണ് കത്തയച്ചത്.25 ശതമാനത്തിലധികം ഓഹരി കൈമാറണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന് വ്യവസ്ഥയുണ്ട്. സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം കഴിയില്ല. സെബിക്ക് നൽകിയ അപേക്ഷ മാനദണ്ഡം പാലിച്ചില്ല. ദേശീയ സുരക്ഷയും പൊതുതാൽപ്പര്യവും മാനിച്ചുകൊണ്ട് മാത്രമേ അനുമതി നൽകാവൂ എന്നാണ് കരാറിലുള്ളത്. ഓഹരി കൈമാറ്റം സംബന്ധിച്ച അപേക്ഷയിൽ വിശദീകരണം തേടണമെന്നും ഇതിൽ മേൽനടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു
