Crime
എ കെ ജി സെന്റ്റിനുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം :എ കെ ജി സെന്റ്റിനുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാനായ എ കെ ജിയും അദ്ദേഹത്തിന്റെ പേരിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോടു ചേർത്തു നിർത്തുന്ന വികാരമാണ്. ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റവാളികളെ കണ്ടെത്തി നിമയത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരും പ്രകോപനങ്ങളിൽ വീഴരുതെന്നും പിണറായി ആവശ്യപ്പെടുകയും ചെയ്തു.
ബോംബാക്രമണം നടന്ന എ കെ ജി സെന്റർ മുഖ്യമന്ത്രി സന്ദർശിച്ചു. സ്ഫോടക വസ്തു എറിഞ്ഞ സ്ഥലം അദ്ദേഹം പരിശോധിക്കുകയും ചെയ്തു. ടി പി രാമകൃഷ്ണൻ, ആനാവൂർ നാഗപ്പൻ തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് അദ്ദേഹം എ കെ ജി സെന്ററിലെത്തിയത്.
പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെൻ്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണിത്. കുറ്റം ചെയ്തവരെയും അവർക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും. ഇത്തരം പ്രകോപനങ്ങൾക്ക് വശംവദരാകാത നാട്ടിലെ സമാധാനം സംരക്ഷിക്കാൻ ഉയർന്ന ബോധത്തോടെ മുന്നിൽ നിൽക്കണമെന്ന് മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു. മഹാനായ എ കെ ജിയും അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോടു ചേർത്തു നിർത്തുന്ന വികാരമാണ്. ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ ശ്രദ്ധിക്കണമെന്ന് പാർട്ടിയെയും ഇടതുപക്ഷത്തെയും സ്നേഹിക്കുന്ന എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
