Connect with us

Crime

നബി വിരുദ്ധ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി

Published

on

ന്യൂഡല്‍ഹി: നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുര്‍ ശര്‍മ്മ. വിവാദ പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി.

രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും ഉദയ്പൂര്‍ കൊലപാതകത്തിന് കാരണമായത് ഇവരുടെ പരമാര്‍ശമാണെന്നും കോടതി വിലയിരുത്തി. തനിക്കെതിരായ കേസുകള്‍ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു കോടതിയുടെ രൂക്ഷഭാഷയിലുള്ള വിമര്‍ശനം. 

തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് നൂപുര്‍ ശര്‍മ്മ വെളിപ്പെടുത്തിയിരുന്നു. നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് അവര്‍ സുപ്രിംകോടതിയില്‍ ഹര്‍ജിയുമായെത്തിയത്. ഹര്‍ജി പരിഗണിക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലില്‍ ചര്‍ച്ച ചെയ്തത് എന്തിനാണെന്ന് സുപ്രിംകോടതി ചോദിച്ചു. പൊലീസ് അന്വേഷണത്തെ വിമര്‍ശിച്ച കോടതി നൂപുറിന്‍റെ ഉന്നത ബന്ധങ്ങളും സ്വാധീനവും മൂലമാണ് അറസ്റ്റ് നടക്കാത്തതെന്നും പറഞ്ഞു.ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നൂപുര്‍ ശര്‍മ്മ ഹര്‍ജിയും പിന്‍വലിച്ചു.

Continue Reading