Connect with us

Crime

കോഴിക്കോട് ആവിക്കൽതോട് തീരദേശ ഹർത്താലിനിടെ വൻ സംഘർഷം

Published

on

കോഴിക്കോട്: വെള്ളയിൽ ആവിക്കൽതോട് മാലിന്യ സംസ്കരണ പ്ലാന്റിനെതിരേ നടത്തുന്ന തീരദേശ ഹർത്താലിനിടെ വൻ സംഘർഷം. ഹർത്താലിന്റെ ഭാഗമായി രാവിലെ മുതൽ പല തവണ നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനിടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി. പിന്നീട് സംഘടിച്ചെത്തിയ പ്രതിഷേധക്കാർ പദ്ധതി പ്രദേശത്തേക്ക് എത്തുകയും പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറച്ചിടാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധം ലാത്തിച്ചാർജിലേക്ക് കടന്നത്.

പ്രതിഷേധക്കാർ ചിതറി ഓടുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. തുടർന്ന് പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും പ്രതിഷേധം സംഘർഷത്തിലേക്കെത്തുകയുമായിരുന്നു. ബാരിക്കേഡ് പുഴയിൽ തള്ളുകയും ചെയ്തു. ഇതിനിടെ പോലീസിനെതിരെ വടിയെടുത്ത പ്രതിഷേധക്കാരിൽ ഒരാളെ പോലീസ് വളഞ്ഞിട്ട് തല്ലി. പോലീസ് നടപടിക്കെതിരെ വലിയ ജനരോഷമാണ് പിന്നീട് ഉണ്ടായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മരണം വരെ പ്രതിഷേധിക്കുമെന്നും പദ്ധതി നടപ്പാക്കാൻ ഒരു തരത്തിലും അനുവദിക്കില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് നാട്ടുകാർ. പദ്ധതി ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും പദ്ധതി പ്രദേശം മാലിന്യമയം ആകുമെന്നും പറഞ്ഞാണ് നാട്ടുകാർ പദ്ധതിയെ പാടെ എതിർക്കുന്നത്. അതേ സമയം പ്രതിഷേധം അനാവശ്യമാണെന്നും ജനങ്ങൾക്ക് തീർത്തും ഉപകാരപ്രദമായ ഈ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് അറിയിച്ചു.

Continue Reading