Crime
വനത്തില്‍ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച യൂട്യൂബര്‍ അമല അനുവിന്റെ കാര്‍ കസ്റ്റഡിയിലെടുത്തു

കൊല്ലം: പുനലൂരില്‍ വനത്തില്‍ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച യൂട്യൂബര്‍ അമല അനുവിന്റെ കാര്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് പോത്തന്‍കോട്ടുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. അമല അനു ഇവിടെ ഒളിവില്‍ കഴിയുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതെങ്കിലും ഇവരെ കണ്ടെത്താനായില്ല. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് യൂട്യൂബര്‍ കൊച്ചിയിലേക്ക് മാറിയെന്ന വിവരമാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും അമലയെ കണ്ടെത്താനായില്ല. അമല അനുവിനെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വനിതാ വ്‌ളോഗറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ഹൈക്കോടതിയില്‍ എതിര്‍ക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് കൊണ്ട് വനം വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
വനത്തില്‍ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വനം വകുപ്പ് നിര്‍ദേശിച്ചെങ്കിലും അമല അനു എത്തിയില്ല. ഈ സാഹചര്യത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പ് നീക്കം തുടങ്ങിയിരുന്നു. വനിതാ വ്‌ളോഗര്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ പുനലൂരിലെ ഫോറസ്റ്റ് നിയമലംഘന കേസുകള്‍ പരിഗണിക്കുന്ന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ (പുനലൂര്‍ വനം കോടതി) വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കാട്ടിനുള്ളില്‍ അതിക്രമിച്ച് കയറി കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് അമല അനുവിനെതിരെ വനം വകുപ്പ് കേസെടുത്തത്. റിസര്‍വ് വനത്തിനുള്ളില്‍ അതിക്രമിച്ച് കയറിയാണ് കിളിമാനൂര്‍ സ്വദേശി അമല അനു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. ഇതിന് പിന്നാലെ വനം വകുപ്പ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
വനത്തില്‍ അതിക്രമിച്ചു കയറുകയും കാട്ടാനകളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്നാണ് യൂട്യൂബര്‍ക്കെതിരായ കേസ്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ അമല അനുവിനെ കാട്ടാന ഓടിച്ചിരുന്നു. 8 മാസം മുമ്പ് മാമ്പഴത്തറ വനമേഖലയിലാണ് വീഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വീഡിയോ വൈറലായതോടെ വനം വകുപ്പ് കേസ് എടുക്കുകയായിരുന്നു.വനത്തിനുള്ളില്‍ ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ അമല അനു പകര്‍ത്തിയെന്നാണ് വനം വകുപ്പ് പറയുന്നത്.