Crime
ലുലുമാൾ പരിസരത്ത് രാമായണ പാരായണം ചെയ്യാൻ ശ്രമിച്ച മൂന്നുപേരെ കസ്റ്റഡിയിലെടുത്തു

ലക്നൗ: ലക്നൗവിലെ ലുലുമാൾ പരിസരത്ത് രാമായണം പാരായണം ചെയ്യാൻ ശ്രമിച്ച മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹിന്ദു സമാജ് പാർട്ടിയിൽ പെട്ടവരാണ് ഇവരെന്നാണ് റിപ്പോർട്ട്. മാളിന്റെ പ്രവേശന കവാടത്തിനടുത്തുവച്ചാണ് ഇവർ രാമായണത്തിലെ സുന്ദരകാണ്ഡം ചൊല്ലാൻ ശ്രമിച്ചത്.
മാളിനുള്ളിൽ ഒരു കൂട്ടം ആളുകൾ നമസ്കരിക്കുന്നു എന്ന പേരിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് വൈറലായതോടെ മാളിനെതിരെ പ്രതിഷേധവുമായി ഹിന്ദു മഹാസഭ ഉൾപ്പടെയുള്ള സംഘടനകൾ രംഗത്തെത്തുകയും മാൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം നൽകുകയും ചെയ്തിരുന്നു.പൊതു ഇടങ്ങളിൽ നമസ്‌കരിക്കാൻ പാടില്ലെന്ന സർക്കാർ ഉത്തരവ് നിലനിൽക്കുമ്പോഴാണ് മാൾ നിസ്കരിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ചെയ്തു നൽകിയതെന്നും മാൾ അധികൃതർ അവരുടെ യഥാർത്ഥ നിറം കാണിക്കുകയാണെന്നുമുള്ള ആരോപണവുമായി ഹിന്ദു മഹാസഭ നേതാവ് ശിശിർ ചതുർവേദി രംഗത്തെത്തിയിരുന്നു. ചൂഷണങ്ങളുടെ പേരിൽ നേരത്തെയും മാൾ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ടെന്നും ഉത്തർപ്രദേശിലും അത് തന്നെയാണ് ഇവർ ചെയ്യുന്നതെന്നും ചതുർവേദി പറഞ്ഞു.എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് മാൾ അധികൃതർ വ്യക്തമാക്കുന്നത്.രാമായണം പാരായണം ചെയ്യാൻ ശ്രമിച്ചതും പ്രതിഷേധത്തിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. ചില സംഘടനകൾ ഇത്തരത്തിലുളള മുന്നറിയിപ്പും നൽകിയിരുന്നു. ഇതിനിടെ മാളിന് പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. തുടർന്നും പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് ഭയന്നാണ് സുരക്ഷ കൂട്ടിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ലക്‌നൗവിൽ മാൾ പ്രവർത്തനം ആരംഭിച്ചത്. ഉത്തർപ്രദേശിലെ ഏറ്റവും വലിയ മാൾ ആണ് ഇത്.മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ആണ് ഉദ്ഘാടനം ചെയ്തത്.