NATIONAL
രാഷ്ട്രപതി തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് രാവിലെ പത്ത് മണിക്ക് ആരംഭിച്ചു. ഡൽഹിയിൽ പോളിംഗ് ബൂത്തായി നിശ്ചയിച്ച പാർലമെന്റിലെ 63-ാം നമ്പർ മുറിയിലാണ് വോട്ടെടുപ്പ്. സംസ്ഥാനങ്ങളിൽ നിയമസഭകളിലും വോട്ടെടുപ്പ് നടക്കും. ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപതി മുർമുവാണ് എൻഡിഎയുടെ സ്ഥാനാർത്ഥി. യശ്വന്ത് സിൻഹയാണ് പ്രതിപക്ഷ സ്ഥാനാർത്ഥി. ദ്രൗപദി മുർമു 60 ശതമാനത്തിലധികം വോട്ടുകൾ ഉറപ്പാക്കി കഴിഞ്ഞു. യശ്വന്ത് സിൻഹയ്ക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിശ്വാസം. ആകെയുള്ള 10,86,431 വോട്ടു മൂല്യത്തിൽ ദ്രൗപദി മുർമുവിന് 6.6 ലക്ഷത്തിലധികം വോട്ടുകൾ ഉറപ്പായിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 4.19 ലക്ഷം വോട്ടുകളുമാണ് ഉറപ്പായിട്ടുള്ളത്. 94 പേരാണ് നാമനിർദേശ പത്രിക നൽകിയിരുന്നത്. ജൂലായ് 21നാണ് വോട്ടെണ്ണൽ .