Crime
മന്ത്രി ആന്റണി രാജുവിന് താൽക്കാലിക ആശ്വാസം കേസിൽ തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മന്ത്രിയുടെ ഹർജി ഫയലിൽ സ്വീകരിച്ചു. ഒരു മാസത്തേക്കാണ് തുടർനടപടികൾ സ്റ്റേ ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെ എടുത്ത കേസ് റദ്ദാക്കണമെന്നായിരുന്നു ആന്റണി രാജു ഹർജിയിൽ ആവശ്യപ്പെട്ടത്. പ്രഥമദൃഷ്ട്യാ കേസ് ഹർജിക്കാരന് അനുകൂലമാണെന്ന് വിലയിരുത്തിയ കോടതി രണ്ടാം എതിർകക്ഷിയായ വിചാരണക്കോടതിയിലെ മുൻ ശിരസ്‌തദാറിന് നോട്ടീസ് അയക്കണമെന്നും ഉത്തരവിട്ടു. ശിരസ്‌തദാറിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരുന്നു കേസിൽ വിചാരണ നടന്നിരുന്നത്.
അടിവസ്ത്രത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ചു കടത്തിയ ഓസ്ട്രേലിയൻ പൗരനായ സാൽവദോറിനെ 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം എയർപോർട്ടിൽ പിടികൂടിയതാണ് കേസിനടിസ്ഥാനം. മയക്കുമരുന്നുക്കേസിൽ ഇയാളെ വഞ്ചിയൂർ സെഷൻസ് കോടതി പത്തുവർഷം തടവിന് ശിക്ഷിച്ചു. അപ്പീലിൽ ഹൈക്കോടതി പ്രതിയെ വെറുതേവിട്ടു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന വാദം ശരിവച്ചായിരുന്നു വെറുതെവിട്ടത്.