Crime
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് ക്രൈംബ്രാഞ്ച് നൽകിയ ഹർജി വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.
ദിലീപ് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിനു തെളിവുകളുണ്ടായിട്ടും വിചാരണക്കോടതി ഇക്കാര്യം പരിഗണിച്ചില്ലെന്നാണ് അപ്പീലിലെ പ്രോസിക്യൂഷന്റെ വാദം. വസ്തുതകൾ പരിശോധിക്കാതെയാണ് വിചാരണ കോടതി ആവശ്യം തള്ളിയതെന്നും ഹർജിയിൽ പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ 84 ദിവസത്തെ ജയിൽ സാവത്തിന് ശേഷം 2017 ഒക്ടോബറിലാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും ജാമ്യവ്യവസ്ഥയിൽ കോടതി നിഷ്‌കർഷിച്ചിരുന്നു. എന്നാൽ സാക്ഷികളായ വിപിൻലാൽ, ദാസൻ, സാഗർ വിൻസെന്റ്, ഡോ. ഹൈദരാലി, ശരത്ബാബു, ജിൻസൺ എന്നിവരെ ദിലീപ് സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇക്കഴിഞ്ഞ ജൂൺ 28നാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി വിചാരണക്കോടതി തള്ളിയത്