Connect with us

Education

സ്‌കൂളിലെത്തിയ ശേഷം 8.25ന് അവധി പ്രഖ്യാപിച്ച എറണാകുളം ജില്ലാ കലക്ടറോട് രക്ഷിതാക്കളുടെ രോക്ഷ പ്രകടനം

Published

on

കൊച്ചി: ‘കലക്ടറെന്താ ഉറങ്ങിപ്പോയോ? പെരുമഴ കണ്ടില്ലാരുന്നോ’ രാവിലെ മിക്ക സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തിയ ശേഷം 8.25ന് അവധി പ്രഖ്യാപിച്ച എറണാകുളം ജില്ലാ കലക്ടറോടാണ് മാതാപിതാക്കള്‍. ‘ഇന്‍എഫിഷ്യന്റ് കലക്ടര്‍’ എന്നു ചില മാതാപിതാക്കള്‍. ‘വെങ്കിട്ടരാമന്റെ ബ്രാന്‍ഡാണെന്നു തോന്നുന്നു’ എന്നു മറ്റു ചിലര്‍. കഷ്ടം. ‘ഇന്ന് ഈ പേജില്‍ കുത്തിയിരുന്നു മടുത്താണു സ്‌കൂളില്‍ വിട്ടത്’ എന്ന് ഏഞ്ചല്‍ റോസെന്ന യൂസര്‍. എന്തായാലും കമന്റ് ബോക്‌സ് നിറയെ എറണാകുളം ജില്ലാ കലക്ടര്‍ ഡോ.രേണു രാജിനു പൊങ്കാല.
കഴിഞ്ഞ ദിവസം മഴ തോര്‍ന്നു നില്‍ക്കുന്നതു കണ്ടാണ് ഇന്ന് എറണാകുളം ജില്ല മുഴുവന്‍ അവധി പ്രഖ്യാപിക്കുന്നതിനു പകരം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഏതാനും ഉപജില്ലകള്‍ക്കു മാത്രം കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇന്നു നേരം വെളുക്കും മുമ്പേ ജില്ലയില്‍ മഴ കനത്തതോടെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായി വിദ്യാര്‍ഥികളും മാതാപിതാക്കളും. ഒടുവില്‍ അവധി ഇല്ലെന്നു കണ്ടതോടെ വിദ്യാര്‍ഥികളെ ഒരുക്കി സ്‌കൂളില്‍ വിടേണ്ടി വന്നു മാതാപിതാക്കള്‍ക്ക്.
ഇന്നലെ മുതല്‍ വിദ്യാര്‍ഥികളും മാതാപിതാക്കളും കലക്ടറു പേജില്‍ കയറി അഭ്യര്‍ഥന നടത്തിയിട്ടും അവധി പ്രഖ്യാപിച്ചത് 8.25ന്. അപ്പോഴേക്കും കുട്ടികള്‍ സ്‌കൂളിലെത്തിയിരുന്നു. അതുകൊണ്ടു തന്നെ ഫലത്തില്‍ അവധി പ്രഖ്യാപിച്ചതിന്റെ യാതൊരു ഗുണവും വിദ്യാര്‍ഥികള്‍ക്കു ലഭിച്ചില്ലെന്നതാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. മിക്ക സ്‌കൂളുകളും കലക്ടറുടെ പ്രഖ്യാപനം അവഗണിച്ച് ക്ലാസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയം പതിവു പോലെ ക്ലാസ് നടക്കുമെന്നും ഉച്ചയ്ക്കു ശേഷം കുട്ടികളെ കൂട്ടിക്കൊണ്ടു പോകാമെന്നും മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്.
ഭവന്‍സ് സ്‌കൂളിനും പതിവു പോലെ ക്ലാസുണ്ടാകുമെന്നും മാതാപിതാക്കള്‍ക്ക് ആവശ്യമെങ്കില്‍ കൂട്ടിക്കൊണ്ടു പോകാമെന്നുമാണ് അറിയിച്ചിരിക്കുന്നത്. പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്. തേവര എസ്എച്ച് സ്‌കൂളില്‍ കലക്ടര്‍ അവധി പ്രഖ്യാപിക്കും മുമ്പു തന്നെ അവധി പ്രഖ്യാപിച്ചതിനാല്‍ കുട്ടികള്‍ക്കു ബുദ്ധിമുട്ടുണ്ടായില്ല.

Continue Reading