Crime
തിരുവനന്തപുരത്ത് വൃദ്ധയെ അന്യ സംസ്ഥാന തൊഴിലാളി കഴുത്ത് ഞെരിച്ച് കൊന്നു

തിരുവനന്തപുരം : കേശദാസപുരത്ത് മനോരമ എന്ന വൃദ്ധ കൊല്ലപ്പെട്ടത് കഴുത്ത് ഞെരിച്ചതിനാലെന്ന് സംശയം. മൃതദേഹത്തിന്റെ കഴുത്തില്‍ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട്. മൃതദേഹത്തിന്റെ കാലില്‍ ഇഷ്ടികയും കെട്ടിവച്ചിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയായ 21കാരന്‍ ആദം അലിയാണ് കൊലപാതകം നടത്തിയത്. ഇയാള്‍ ഒളിവിലാണ്. മനോരമയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ കതകില്‍ തട്ടിയെങ്കിലും ആരു കതക് തുറന്നില്ല. നാട്ടുകാര്‍ പോയ ശേഷം മൃതദേഹം തൊട്ടടുത്ത കിണറ്റില്‍ കൊണ്ടിട്ടു എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം മോഷണത്തിനിടെയാാണ് കൊലപാതകമെന്നാണ് ആദ്യം കരുതിയത്. 60000 രൂപ വീട്ടില്‍ നിന്ന് കാണാതായെന്ന് കരുതിയിരുന്നു. എന്നാല്‍ വിശദ പരിശോധനയില്‍ ഈ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. ഈ പണം സുരക്ഷിതമായി ഉണ്ടെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അങ്ങനെ എങ്കില്‍ കൊലപാതക കാരണം എന്താണെന്ന് കൂടുതല്‍ വ്യക്തമാകേണ്ട സാഹചര്യമാണ്. പോസ്റ്റുമോര്‍ട്ടം അടക്കം കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകുമെന്നാണ് കരുതുന്നത്.
കൊലപാതക ശേഷം പ്രതിയായ ആദം അലി സുഹൃത്തുക്കളെ വിളിച്ചു. രക്ഷപ്പെടുന്നതിനായി പുതിയ സിം എടുക്കാനാണ് സുഹൃത്തുക്കളെ വിളിച്ചത്. രക്ഷപ്പെടുന്നതിനിടെ ഉള്ളൂരില്‍ നിന്നാണ് ആദം സുഹ്യത്തുകളെ വിളിച്ചത്. സിമ്മുമായി എത്തിയപ്പോള്‍ ആദം രക്ഷപ്പെട്ടതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. രണ്ട് ദിവസം മുമ്പ് പബ്ജിയില്‍ തോറ്റപ്പോള്‍ ആദം അലി മൊബാല്‍ തല്ലി പൊട്ടിച്ചിരുന്നു.
കൊലപാതക കേസിലെ പ്രതി ആദം അലി മനോരമ താമസിക്കുന്ന വീടിന് അടുത്ത വീട്ടില്‍ ജോലികെത്തിയത് 6 മാസം മുമ്പാണ്. കെട്ടിടം പണിക്കായി ബംഗാളില്‍ നിന്ന് വന്ന തൊഴിലാളിയാണ് ആദം അലി. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ആദം അലി സ്ഥിരമായി ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുന്നയാളല്ലെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. ഇയാള്‍ അടിക്കടി സിം നമ്പറുകളും ഫോണുകളും മാറ്റുന്നയാളാണ്. ഇന്നലെ വൈകീട്ട് നാല് മണിയോടെ മനോരമയുടെ വീട്ടില്‍ നിന്ന് വലിയ ശബ്ദം കേട്ടതായി സമീപത്തുള്ളവര്‍ പറഞ്ഞു. മനോരമയും ഭര്‍ത്താവുമാണ് ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. ഭര്‍ത്താവ് വര്‍ക്കലയിലെ മകളെ കാണാന്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ മനോരമയെ കാണാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.
തുടക്കം മുതലേ മനോരമയുടെ വീടിന് സമീപത്തെ ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് സംശയം നീണ്ടിരുന്നു. ആദം അലി അടക്കമുള്ള നാല് പേര്‍ കുറച്ച് ദിവസം മുന്‍പാണ് ഇവിടെയെത്തിയത്. മനോരമയുടെ വീട്ടിലേക്ക് ആദം അലി താമസിച്ച വീട്ടില്‍ നിന്ന് എളുപ്പത്തില്‍ കയറാനും ഇറങ്ങാനും കഴിയുമായിരുന്നു. ഇതാണ് ഇവര്‍ക്കെതിരെ സംശയം നീളാനുണ്ടായ കാരണം. തലസ്ഥാന നഗരത്തിന്റെ ഹൃദയ ഭാഗത്താണ് കൊലപാതകം നടന്നത്.